നൃത്താദ്ധ്യാപകൻ ഷാജിയുടെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താൻ തെളിവില്ല; അന്വേഷണം അവസാനിപ്പിക്കുന്നു

Wednesday 20 March 2024 12:25 AM IST

കണ്ണൂർ: കേരള യൂണിവേഴ്സിറ്റി കലോത്സവത്തിലെ കോഴവിവാദത്തെത്തുടർന്ന് അറസ്റ്റിലായ നൃത്താദ്ധ്യാപകൻ ഷാജി പൂത്തട്ടയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിപ്പിക്കുന്നു. ആരുടെയും പേരിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താൻ തെളിവില്ലെന്നാണ് പൊലീസ് പറയുന്നത്.

കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് എത്താൻ ഷാജിയോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. കേസ് തനിക്ക് കുരുക്കാകുമോ എന്ന ആധി ഷാജിക്കുണ്ടായിരുന്നു. അത്

കരിയറിനെ ബാധിക്കുമോയെന്ന ഭയവും നൃത്തപരിശീലകനായി തുടരാനാകുമോയെന്ന ആശങ്കയും അലട്ടിയിരുന്നു. ഇതെല്ലാമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഈ ആശങ്ക പല സുഹൃത്തുക്കളുമായി ഷാജി പങ്കുവച്ചിരുന്നു.
കണ്ണൂർ സിറ്റി ഇൻസ്‌പെക്ടർ കൈലാസ് നാഥിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തിയത്. തിരുവനന്തപുരത്തു നടന്ന അന്വേഷണത്തിലും ഇതേ നിഗമനത്തിലാണ് പൊലീസ് എത്തിയത്. അതിനാൽ കൂടുതൽ അന്വേഷണത്തിന് സാദ്ധ്യതയില്ലെന്നാണ് സൂചന.

മർദ്ദിച്ചതിനും തെളിവില്ല

ഷാജിക്ക് മർദ്ദനമേറ്റതിനും തെളിവില്ലെന്നാണ് പൊലീസ് പറയുന്നത്. ക്രൂരമർദ്ദനമേറ്റതായും മുഖത്ത് പാടുകളുണ്ടായിരുന്നെന്നുമുള്ള അമ്മ ലളിതയുടെ ആരോപണം പൊലീസ് അന്വേഷിച്ചിരുന്നു. ഇൻക്വസ്റ്റിലും പോസ്റ്റ്‌മോർട്ടത്തിലും ഇത് പ്രത്യേകം പരിശോധിച്ചു. എക്കാലക്സ് അകത്തു ചെന്നതിനെ തുടർന്നാണ് മരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. ആന്തരീകാവയവങ്ങൾക്കടക്കം ഒരു ക്ഷതവുമേറ്റിരുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. ഷാജിയുടെ നമ്പറിലേക്കും തിരിച്ചുമുള്ള ഫോൺ കാളുകൾ മുഴുവൻ പരിശോധിച്ചിരുന്നു. തന്നെ അടിച്ചതായി ഷാജി ആരോടും പറഞ്ഞിട്ടില്ല.


ചോദ്യം ചെയ്തു

ഷാജിയുടെ എട്ട് സുഹൃത്തുക്കളെ ചോദ്യം ചെയ്തു. മൊബൈൽഫോൺ പരിശോധിച്ചപ്പോൾ ലഭിച്ച ഫോൺനമ്പറുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയത്. ഷാജി അവസാനമായി വിളിച്ച കാസർകോട് സ്വദേശി മുരുകദാസിനെ വിശദമായി ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരത്തേക്ക് പോകാൻ പേടിയുണ്ടെന്നും കൂടെ വരണമെന്നും ഷാജി പറഞ്ഞതായാണ് മുരുകദാസ് മൊഴി നൽകിയത്.

Advertisement
Advertisement