വോട്ടുപിടിക്കാൻ ഒഴുകിയെത്തുന്ന കള്ളപ്പണം പിടിക്കാൻ കേന്ദ്ര ഏജൻസികൾ

Wednesday 20 March 2024 12:27 AM IST
f

കൊച്ചി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനും വോട്ട് മറിക്കാനുമായി ഒഴുകിയെത്തുന്ന അനധികൃത പണം പിടികൂടാൻ കേന്ദ്ര ഏജൻസികൾ രംഗത്തെത്തി. ആദായനികുതി വകുപ്പ്, എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി), എൻ.ഐ.എ എന്നിവയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശപ്രകാരം രംഗത്തുള്ളത്.

കള്ളപ്പണം, ഹവാലപ്പണം, രേഖകളില്ലാത്ത പണം, വലിയ ബാങ്കിടപാടുകൾ, സ്വർണം ഉൾപ്പെടെ വിലയേറിയ വസ്തുക്കളുടെ കൈമറ്റങ്ങൾ എന്നിവ നിരീക്ഷിക്കും. വലിയ തുകയുടെ ഇടപാടുകളെക്കുറിച്ച് ബാങ്കുകളോട് പ്രതിദിന റിപ്പോർട്ടുകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളും ലക്ഷദ്വീപും ആദായനികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റിന്റെ 50 ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. പ്രിൻസിപ്പൽ കമ്മിഷണർ നിയോഗിച്ച 100 പേർ വേറെയുമുണ്ട്. കൊച്ചിയിൽ കൺട്രോൾ റൂമും ജില്ലകളിൽ സ്‌ക്വാഡുകളും രൂപീകരിച്ചു. വിവരശേഖരണത്തിന് ഇന്റലിജൻസ് വിഭാഗവുമുണ്ട്. അഡിഷണൽ ഡയറക്ടർ ആർ. രാജേഷിനെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തി. പൊതുജനങ്ങൾക്കും വിവരം അറിയിക്കാം.

വിമാനത്താവളങ്ങൾ വഴി തിരഞ്ഞെടുപ്പിനായി പണവും സ്വർണവും കടത്തുന്നത് തടയാൻ കസ്റ്റംസിന്റെ സഹായം തേടും. ഇതിനായി പ്രത്യേക ഇന്റലിജൻസ് യൂണിറ്റുകളെ ചുമതലപ്പെടുത്തിയതായി ആദായനികുതി അന്വേഷണവിഭാഗം ഡയറക്ടർ ജനറൽ ദേബ് ജ്യോതിദാസ് പറഞ്ഞു.

ഇ.ഡി നിരീക്ഷണം

ഡിജിറ്റൽ പണമിടപാടുകളും പാർട്ടികൾ, നേതാക്കൾ, സ്ഥാനാർത്ഥികൾ തുടങ്ങിയവരുടെ വരവു ചെലവുകളും ഇ.ഡി നിരീക്ഷിക്കും. സംശയാസ്പദമായ ഇടപാടുകളിൽ നടപടിയുണ്ടാകും. പിടിച്ചെടുക്കുന്ന തുക കണ്ടുകെട്ടും.

കള്ളപ്പണമെത്തുന്ന വഴികൾ

അതിർത്തി ജില്ലകൾ കടന്ന്

വിമാനത്താവളങ്ങളിലൂടെ

ഹവാലയിടപാടിലൂടെ

ഓൺലൈൻ ഇടപാടുകൾ

സ്വർണം പോലെ വസ്തുക്കളായി

സമ്മാനങ്ങളുടെ മറവിൽ

ജനങ്ങൾ ശ്രദ്ധിക്കാൻ

അരലക്ഷം രൂപ വരെ രേഖയില്ലാതെ കൈയിൽ വയ്ക്കാം. അതിനുമുകളിൽ സ്രോതസും ആവശ്യവും തെളിയിക്കണം.

ഒരു ലക്ഷത്തിനു മുകളിലെ വിൽക്കൽ, വാങ്ങലുകൾക്ക് രേഖയുണ്ടാകണം. സംശയകരമായ ഇടപാടുകളുടെ വിവരങ്ങൾ രഹസ്യമായി കൈമാറാം. കള്ളപ്പണം പിടിച്ചാൽ വിവരം നൽകിയവർക്ക് പാരിതോഷികം കിട്ടും.

ആദായനികുതി കൺട്രോൾ റൂം

ടോൾ ഫ്രീ നമ്പർ 1800 425 3173

വാട്ട്സ്ആപ്പ് നമ്പർ 8714936111

കൊടകര ഫണ്ട് അന്വേഷിച്ചിട്ടില്ല

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കൊടകരയിൽ കോടികളുടെ ഫണ്ട് കവർന്നത് ആദായനികുതി വകുപ്പ് അന്വേഷിച്ചിട്ടില്ല. വകുപ്പ് നേരിട്ട് പണം പിടികൂടുകയോ മറ്റ് ഏജൻസികൾ വിവരം കൈമാറുകയോ ചെയ്താലേ അന്വേഷിക്കാറുള്ളൂവെന്നും ആദായനികുതി അന്വേഷണവിഭാഗം ഡയറക്ടർ ജനറൽ ദേബ് ജ്യോതിദാസ് പറഞ്ഞു.

Advertisement
Advertisement