സ്ത്രീകൾക്കെതിരെയുള്ള അതിക്രമ കേസിൽ വർദ്ധന
തൃശൂർ: പെൺകുട്ടികൾക്കും സ്ത്രീകൾക്കുമെതിരെയുള്ള അതിക്രമം കഴിഞ്ഞ ഏഴുവർഷത്തിനിടെ വർദ്ധിച്ചുവെന്ന് പൊലീസ് ഔദ്യോഗിക വെബ്സൈറ്റിലെ കണക്കുകൾ വ്യക്തമാക്കുന്നു. പട്ടികജാതി, വർഗ്ഗക്കാർക്കെതിരെയുള്ള കേസിലും വർദ്ധനയുണ്ട്.
സ്ത്രീകൾക്കെതിരെയുള്ള അതിക്രമ കേസുകൾ ഏഴു വർഷത്തിനിടെ 15,114ൽ നിന്ന് 18,976 ആയി. മാനഭംഗക്കേസുകൾ 2016ൽ 1,656, കഴിഞ്ഞവർഷം 2,649. ഗാർഹിക പീഡനക്കേസുകൾ യഥാക്രമം 3455, 4711. സ്ത്രീകളെയും പെൺകുട്ടികളെയും ശല്യംചെയ്യുന്ന കേസും ഇരട്ടിയിലധികമായി. കുട്ടികളെ തട്ടിക്കൊണ്ടുപോകൽ കേസുകളിൽ നേരിയ കുറവ്- 2016ൽ 154, 2023ൽ 151.
അതിക്രമങ്ങളെ പ്രതിരോധിക്കാൻ പെൺകുട്ടികൾക്കടക്കം സ്‌കൂൾ, കോളേജിൽ കുടുംബശ്രീയുടെയും സംഘടനകളുടെയും ആഭിമുഖ്യത്തിൽ ക്‌ളാസുകൾ നടത്തുന്നുണ്ട്. അപകടകരമായ സാഹചര്യം ഒഴിവാക്കാനുൾപ്പെടെ ബോധവത്കരണവും ശാരീരിക അതിക്രമങ്ങളെ ചെറുക്കാൻ പ്രതിരോധ പരിശീലനവും നൽകുന്നു. പൊലീസും സ്ത്രീകൾക്കായി സ്വയം പ്രതിരോധ പരിശീലനം നൽകുന്നുണ്ട്. ഇതിനായി ജില്ലാതലത്തിൽ പ്രത്യേകം വനിതാ പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്.
കേസുകളുടെ എണ്ണം
(2016, 2023 ക്രമത്തിൽ)
കുട്ടികൾക്കെതിരെ അതിക്രമം ..................... 2879, 5252
പോക്‌സോ........................................................957, 1694
പട്ടികജാതി, പട്ടിക വർഗ്ഗക്കാർക്കെതിരെ.....992, 1245