അതിജീവിതകളുടെ വൈദ്യപരിശോധന: ഹർജികൾ തള്ളി

Wednesday 20 March 2024 12:37 AM IST

കൊച്ചി: പീഡനക്കേസുകളിൽ അതിജീവിതകളുടെ വൈദ്യപരിശോധനയ്ക്ക് ഗൈനക്കോളജിസ്റ്റുമാരെ മാത്രം അധികാരപ്പെടുത്തുന്ന വ്യവസ്ഥയെ ചോദ്യം ചെയ്യുന്ന ഹർജികൾ ഹൈക്കോടതി തള്ളി. കേരള മെഡിക്കോ-ലീഗൽ പ്രോട്ടോക്കോളിലെ 2019ലെ ഭേദഗതി നിയമവിരുദ്ധവും അനുചിതവുമാണെന്നു ചൂണ്ടിക്കാട്ടി സർക്കാർ മേഖലയിലെ ഒരു കൂട്ടം വനിതാ ഗൈനക്കോളജിസ്റ്റുമാരാണ് കോടതിയെ സമീപിച്ചത്. ജോലിഭാരവും മറ്റും ഉന്നയിച്ചായിരുന്നു ഹർജികൾ. ഭേദഗതിക്ക് മുമ്പ് രജിസ്ട്രേഡ് ഡോക്ടർമാർക്കെല്ലാം അതിജീവിതകളെ പരിശോധിക്കാൻ അധികാരമുണ്ടായിരുന്നെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.

പരിശോധനയ്ക്ക് ഗൈനക്കോളജിസ്റ്റുമാരെ ചുമതലപ്പെടുത്തിയത് ഫോറൻസിക് തെളിവുശേഖരണം മാത്രം കണക്കിലെടുത്തല്ലെന്നും ഇരകൾക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കാൻ കൂടിയാണെന്നും സർക്കാർ ബോധിപ്പിച്ചു. അധികൃതരുടെ കരുതലാണ് ഇതിൽ വ്യക്തമാകുന്നതെന്ന് കോടതി വിലയിരുത്തി. ഹർജിക്കാർക്ക് ആവശ്യമെങ്കിൽ ബന്ധപ്പെട്ട അധികാരികളെ സമീപിച്ച് ആവശ്യമുന്നയിക്കാമെന്നും വ്യക്തമാക്കി.

Advertisement
Advertisement