മോദിയുടെ ഗാരണ്ടിക്ക് 2004ലെ വിധി : ഖാർഗെ

Wednesday 20 March 2024 12:48 AM IST

ന്യൂഡൽഹി: ബി.ജെ.പി മുഖ്യ പ്രചാരണ വിഷയമാക്കുന്ന 'മോദിയുടെ ഗാരണ്ടി'ക്ക് 2004ൽ അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ 'ഇന്ത്യ തിളങ്ങുന്നു' മുദ്രാവാക്യത്തിന്റെ അതേ വിധി വരുമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. പ്രകടന പത്രികയ്‌ക്ക് അന്തിമ രൂപ നൽകിയ പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


രാജ്യം തീക്ഷ്ണമായി മാറ്റം ആഗ്രഹിക്കുന്നു. 2004ലെ 'ഇന്ത്യ തിളങ്ങുന്നു' മുദ്രാവാക്യത്തിന്റെ അതേ വിധിയാവും ഇപ്പോഴത്തെ സർക്കാരിന്റെ ഗാരണ്ടികൾക്കും . 2004ൽ വൻ പ്രതീക്ഷയിൽ കൊണ്ടുവന്ന ഇന്ത്യ തിളങ്ങുന്നു പ്രചാരണം ചീറ്റിയ തിരഞ്ഞെടുപ്പിൽ ബി.ജെ.പി പിന്നാക്കം പോകുകയും കോൺഗ്രസ് അധികാരത്തിലെത്തുകയും ചെയ്തിരുന്നു.

പ്രചാരണത്തിൽ ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മാത്രം ശ്രദ്ധിക്കണമെന്നും ഖാർഗെ പറഞ്ഞു. അഞ്ച് വർഷത്തെ നയവും പരിപാടികളും മുൻഗണനകളും അവതരിപ്പിക്കണം. പ്രധാന പ്രശ്‌നങ്ങൾ എല്ലാ വീടുകളിലും എത്തിക്കാൻ മുതിർന്ന നേതാക്കളും ശ്രമിക്കണം.

Advertisement
Advertisement