ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ടതും കേസിലേക്ക്   

Wednesday 20 March 2024 12:48 AM IST

തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്ത് സർക്കാർ സുപ്രീംകോടതിയെ സമീപിക്കും. രാഷ്ട്രപതിക്കെതിരെ നിയമപോരാട്ടം സാദ്ധ്യമല്ല. അതുകൊണ്ടാണ് ഗവർണർക്കെതിരെ വീണ്ടും കേസുകൊടുക്കുന്നത്. രാഷ്ട്രപതിക്ക് വിടേണ്ടതില്ലാത്ത ബില്ലുകളും അയച്ച നടപടിയാവും ചോദ്യംചെയ്യുക. ബില്ലുകളിലൊപ്പിടാത്തതിന് ഗവർണർക്കെതിരെ ഹർജി സുപ്രീംകോടതിയിലുണ്ട്. ഹർജി ഇതുമായി കൂട്ടിച്ചേർക്കണോ പുതുതായി ഫയൽ ചെയ്ത് ഭരണഘടനാ ബഞ്ചിന്റെ പരിഗണനയ്ക്കെത്തിക്കണോ എന്നീ കാര്യങ്ങളിൽ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി.

സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയപ്പോൾ 7ബില്ലുകൾ ഗവർണർ രാഷ്ട്രപതിക്ക് അയച്ചിരുന്നു. ലോകായുക്ത ഭേദഗതിക്ക് മാത്രമാണ് രാഷ്ട്രപതി അനുമതി നൽകിയത്. നാലു ബില്ലുകൾക്ക് അനുമതി നിഷേധിച്ചിരുന്നു. രണ്ടു ബില്ലുകളിൽ തീരുമാനം വരാനുണ്ട്.

ഗവർണറുടെ ചാൻസലർ പദവിയൊഴിവാക്കാനും വൈസ്ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി വിപുലീകരിക്കാനും ഗവർണറെ ഒഴിവാക്കി സർവകലാശാലാ അപ്പലേറ്റ് ട്രൈബ്യൂണലിനെ സർക്കാരിന് നിയമിക്കാനും നോമിനേറ്റഡ് അംഗങ്ങൾക്കും വോട്ടവകാശം അനുവദിച്ച് മിൽമയുടെ ഭരണം പിടിക്കാനുമുള്ളതാണ് അനുമതി കിട്ടാത്ത ബില്ലുകൾ.

Advertisement
Advertisement