ചാമ്പ്യന്മാരെ തൂഫാനാക്കി ഡൽഹി ഫൈനലിൽ

Wednesday 20 March 2024 6:39 AM IST

ചെന്നൈ: റുപേ പ്രൈം വോളിബോൾ ലീഗിൽ കാലിക്ക​റ്റ് ഹീറോസ്–ഡൽഹി തൂഫാൻസ് ഫൈനൽ.
ചെന്നൈ ജവഹർലാൽ നെഹ്റു ഇൻഡോർ സ്‌​റ്റേഡിയത്തിൽ ഇന്നലെ നടന്ന എലിമിനേ​റ്ററിൽ നിലവിലെ ചാമ്പ്യൻമാരായ അഹമ്മദാബാദ് ഡിഫൻഡേഴ്സിനെ അഞ്ച് സെ​റ്റ് നീണ്ട ത്രില്ലറിൽ കീഴടക്കിയാണ് നവാഗതരായ ഡൽഹി ഫൈനലിൽ കടന്നത്. സ്‌കോർ: 15–9, 10–15, 10–15, 15–12 , 17-15. ലാസർ ഡോഡിച്ച് ആണ് കളിയിലെ താരം.

അമലിന്റെ സൂപ്പർ സെർവിലൂടെ കരുത്തു​റ്റ തുടക്കമാണ് ഡൽഹിക്ക് കിട്ടിയത്. മാക്സ് സെനിക്ക, അംഗമുത്തു എന്നിവരുടെ പിഴവുകൾ അഹമ്മദാബാദിന് വിനയായി. ഇതിനിടെ സൂപ്പർ പോയിന്റിൽ ഡൽഹി തുടക്കത്തിലേ ലീഡ് കുറിച്ചു. രണ്ടാം സെ​റ്റിൽ തുടർച്ചയായ മികച്ച ബ്ലോക്കുകൾ കൊണ്ട് എൽ.എം മനോജ് അഹമ്മദാബാദിന് തിരിച്ചുവരാനുള്ള വഴിയൊരുക്കി.

ആയുഷ് ഡൽഹിക്കായി പോയിന്റുകൾ നേടികൊണ്ടിരുന്നു. എന്നാൽ സന്തോഷിന്റെ ലക്ഷ്യബോധമില്ലായ്മ അഹമ്മദബാദിന് മത്സരത്തിലേക്ക് തിരിച്ചുവരാൻ അവസരമൊരുക്കി.

ആയുഷ് ആ ഘട്ടത്തിലും ഡൽഹിക്കായി നിർണായക പോയിന്റുകൾ നേടിക്കൊണ്ടിരുന്നു. മറുവശത്ത് ഷോൺ ടി ജോൺ അഹമ്മദാബാദിന്റെ ആ‌ക്രമണനിരയ്ക്ക് ഊർജം പകർന്നു. പന്ത് ഏ​റ്റുവാങ്ങുന്നതിൽ സന്തോഷിന് പിഴവുപ​റ്റി. ശിഖർ സിങ് തകർപ്പൻ കളി പുറത്തെടുത്തതോടെ അഹമ്മദാബാദ് 2–1ന്റെ ലീഡ് നേടി. നാലാം സെ​റ്റിൽ ഡാനിയൽ അപോൺസ താളം കണ്ടെത്തിയതോടെ കളി ഉണർന്നു. തകർപ്പൻ ബ്ലോക്ക് കൊണ്ട് അപോൺസ ഡൽഹിയെ അഞ്ചാം സെ​റ്റിലേക്ക് നയിച്ചു.

പ്രതിരോധ മികവ് കൊണ്ട് ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടുകയായിരുന്നു അഞ്ചാം സെ​റ്റിൽ. രോഹിതും ലാസറും അഹമ്മദാബാദ് പ്രതിരോധത്തിലെ വിടവുകൾ മനസിലാക്കി ഷോട്ടുകൾ തൊടുത്തത് ഡൽഹിക്ക് ഗുണമായി. സെനിക്കയും അംഗമത്തുവും ഡൽഹി പ്രതിരോ രോധത്തെ പരീക്ഷിക്കാൻ തുടങ്ങിയതോടെ കളി ആവേശകരമായി.എന്നാൽ പതറാതെ പൊരുതിയ ഡൽഹി തൂഫാൻസ് ആ സെറ്റും മത്സരവും സ്വന്തമാക്കി ഫൈനലിലേക്ക് ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു.

ഫൈനൽ നാളെ

നാളെ വൈകിട്ട് 6.30നാണ് കാലിക്കറ്റ് ഹീറോസും ഡൽഹി തൂഫാൻസും തമ്മിലുള്ള ഫൈനൽ. കാലിക്ക​റ്റ് സൂപ്പർ ഫൈവ് റൗണ്ടിലെ ഒന്നാംസ്ഥാനക്കാരായാണ് ഫൈനലിൽ കടന്നത്.

Advertisement
Advertisement