'സതീശൻ അശ്ലീല  വീഡിയോ  ഇറക്കുന്നതിൽ   പ്രശ‌സ്‌തൻ'; എങ്ങനെ പ്രതിപക്ഷ  നേതാവായെന്ന് ഇ  പി  ജയരാജൻ

Wednesday 20 March 2024 12:58 PM IST

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ഗുരുതര ആരോപണവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. വി ഡി സതീശന്റേത് വൃത്തികെട്ട രാഷ്ട്രീയമാണെന്ന് ജയരാജൻ ആരോപിച്ചു. അശ്ലീല വീഡിയോ ഇറക്കുന്നതിൽ പ്രശ‌സ്‌തനാണ് സതീശനെന്നും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർത്ഥിക്കെതിരെ വീഡിയോ ഇറക്കിയെന്നും ജയരാജൻ പറഞ്ഞു.

സ്വ‌പ്‌ന സുരേഷിനെ ഉപയോഗിച്ച് മുഖ്യമന്ത്രിക്കെതിരെ വാർത്ത ചമച്ചത് സതീശനാണ്. തന്റെ ഭാര്യയുടെ തലവെട്ടി അവിടെ സ്വപ്ന സുരേഷിന്റെ പടം വച്ച് ഫോട്ടോ ഇറക്കിയത് സതീശനാണെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരത്തിൽ ഒരാൾ എങ്ങനെ കോൺഗ്രസ് പ്രതിപക്ഷ നേതാവായി ഇരിക്കുന്നുവെന്നും ഇപി ചോദിച്ചു. സതീശൻ തെളിവുണ്ടെന്ന് പറഞ്ഞതിന് പിന്നാലെയാണ് ഫോട്ടോ പുറത്തുവന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'എല്ലാവരെയും ആക്ഷേപിച്ച് വെള്ളക്കുപ്പായമിട്ട് നടക്കുകയാണ് സതീശൻ. എന്റെ ഭാര്യ രാജീവ് ചന്ദ്രശേഖറിനൊപ്പം ഇരിക്കുന്ന വ്യാജചിത്രം പ്രചരിപ്പിച്ചതിന് പിന്നിൽ വി ഡി സതീശനാണ്. കണ്ണൂർ ജില്ലാ പൊലീസ് മേധാവിക്ക് ഭാര്യ പരാതി നൽകി' - ഇ പി ജയരാജൻ വ്യക്തമാക്കി.

അടിയുറച്ച് കമ്മ്യൂണിസ്റ്റുകാരനായ തന്നെ കളങ്കപ്പെടുത്താൻ അനുവദിക്കില്ല. അതിന്റെ ഭാഗമായാണ് ഭാര്യയുടെ ഷെയർ ഒഴിയാൻ തീരുമാനിക്കുന്നതെന്നും ഇ പി പറഞ്ഞു. സതീശൻ ബിജെപിയും ആർഎസ്എസുമായി സഖ്യം ഉണ്ടാക്കി. ഡൽഹിയിൽ വച്ചാണ് ചർച്ച നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.