"മോളെ സത്യഭാമേ..ഞങ്ങൾക്ക് നീ പറഞ്ഞ 'കാക്കയുടെ നിറമുള്ള' രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി"; രാമകൃഷ്ണനോട് ഒരു അഭ്യർത്ഥനയുമായി ഹരീഷ് പേരടി
നർത്തകനും കലാഭവൻ മണിയുടെ സഹോദരനുമായ ആർ എൽ വി രാമകൃഷ്ണനെ അവഹേളിച്ച കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ വിമർശനവുമായി നടൻ ഹരീഷ് പേരടി. തങ്ങൾക്ക് നീ പറഞ്ഞ "കാക്കയുടെ നിറമുള്ള" രാമകൃഷ്ണന്റെ മോഹിനിയാട്ടം മതിയെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
ഇനി മോഹിനിയാട്ടം കളിക്കുമ്പോൾ ഒരു പ്രതിഷേധമെന്ന നിലക്ക് മുഖത്തും ശരീരത്തിലും വെള്ള പൂശരുതെന്ന് ഹരീഷ് പേരടി രാമകൃഷ്ണനോട് അഭ്യർത്ഥിച്ചു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സത്യഭാമയുടെ വിവാദ പരാമർശം.
'മോഹിനിയാട്ടം കളിക്കുന്നവർ എപ്പോഴും മോഹിനിയായിരിക്കണം. ഇയാളെ കണ്ടുകഴിഞ്ഞാൽ കാക്കയുടെ നിറമാണ്. എല്ലാം കൊണ്ടും കാല് അകത്തിവച്ച് കളിക്കുന്ന ഒരു കലാരൂപമാണ്. ഒരു പുരുഷൻ കാലും കവച്ചുവച്ച് കളിക്കുന്നത് പോലൊരു അരോചകം ഇല്ല. എന്റെ അഭിപ്രായത്തിൽ മോഹിനിയാട്ടം കളിക്കുന്ന ആൺകുട്ടികൾക്ക് സൗന്ദര്യം ഉണ്ടായിരിക്കണം. ആൺപിള്ളേരിൽ സൗന്ദര്യം ഉള്ളവർ ഇല്ലേ. ഇവനെ കണ്ടാൽ പെറ്റതള്ള പോലും സഹിക്കില്ല'- എന്നായിരുന്നു അവർ പറഞ്ഞത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
മോളെ സത്യഭമേ..ഞങ്ങൾക്ക് നീ പറഞ്ഞ 'കാക്കയുടെ നിറമുള്ള' രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി...രാമകൃഷ്ണനോടും ഒരു അഭ്യർത്ഥന..ഇനി മോഹിനിയാട്ടം കളിക്കുമ്പോൾ ഒരു പ്രതിഷേധമെന്ന നിലക്ക് മുഖത്തും ശരീരത്തിലും വെള്ള പൂശരുത്..ഭൂമി കുലുങ്ങുമോ എന്ന് നമുക്ക് നോക്കാം..കറുപ്പിനൊപ്പം..രാമകൃഷ്ണനൊപ്പം