'നടന്നത് അദാനിക്ക് വേണ്ടിയുള്ള ചർച്ച'; അനന്തുവിന്റെ മരണത്തിൽ കളക്‌ടർ വിളിച്ച സർവകക്ഷിയോഗം ബഹിഷ്കരിച്ച് കോൺഗ്രസ്

Thursday 21 March 2024 12:08 PM IST

തിരുവനന്തപുരം: അമിതഭാരം കയറ്റിവന്ന ടിപ്പറിൽ നിന്ന് കല്ല് വീണുണ്ടായ അപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ ജില്ലാ കളക്‌ടർ വിളിച്ച സർവകക്ഷിയോഗം ബഹിഷ്കരിച്ച് കോൺഗ്രസ്.

മരിച്ച അനന്തുവിന്റെ കുടുംബത്തിന് വേണ്ട നഷ്ടപരിഹാരം സംബന്ധിച്ച് ചർച്ച നടത്താത്തതിനാലാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. അദാനിക്ക് വേണ്ടിയുള്ള ചർച്ചയാണ് നടന്നതെന്നും കോൺഗ്രസ് ആരോപിച്ചു. തുറമുഖ കമ്പനി അധികൃതരും പൊലീസും വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും ഉൾപ്പെടെയുള്ളവരാണ് സർവകക്ഷി യോഗത്തിൽ പങ്കെടുത്തത്.

'അമിതമായി കല്ല് കയറ്റിവരുന്ന ലോറികളുടെ ഉടമകളായ കമ്പനികളെ കരിമ്പട്ടികയിൽപ്പെടുത്തണം. ഉന്നത ഉദ്യോഗസ്ഥരാണ് കീഴുദ്യോഗസ്ഥരെ ജോലി ചെയ്യാൻ അനുവദിക്കാത്തത്. ' - വിൻസന്റ് എംഎൽഎ പറഞ്ഞു.

'എംവിഡിയും പൊലീസും എക്സൈസ് വകുപ്പും ചേർന്ന് വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന നടത്തണം. ഓവർലോഡിന് വേണ്ടി പ്രത്യേക സ്‌ക്വാഡ് നിയമിക്കും. സമയക്രമങ്ങളിൽ മാറ്റം വരുത്തും. ലോറികൾ പ്രത്യേക റോഡുകളിലൂടെ മാത്രം പോകാൻ അനുമതി നൽകുന്ന കാര്യവും ചർച്ചയിൽ വന്നിട്ടുണ്ട്. അനന്തുവിന്റെ കുടുംബാംഗങ്ങളോട് സംസാരിച്ച ശേഷം നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ ഇന്ന് വൈകിട്ടോടെ തന്നെ തീരുമാനമുണ്ടാക്കും. ' - ജില്ലാ കളക്ടർ ജെറോമിക് ജോർജ് പറഞ്ഞു.

നിംസ് കോളേജിലെ നാലാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായിരുന്നു അനന്തു. ചൊവ്വാഴ്ച രാവിലെയാണ് മുക്കോലയിൽ വച്ച് അപകടം ഉണ്ടായത്. അനന്തുവിന്റെ വീടിന് ഒരുകിലോമീറ്റർ മാത്രം അകലെവച്ചായിരുന്നു അപകടം. തുറമുഖ നിർമ്മാണത്തിനായി കല്ലുകൾ കൊണ്ടുപോയ ടിപ്പർ ലോറി റോഡിലെ കുഴിയിലേക്കിറങ്ങിയപ്പോൾ കല്ല് പുറത്തേക്ക് തെറിക്കുകയായിരുന്നു. അനന്തുവിന്റെ വാഹനത്തിന് പുറത്തേക്കായിരുന്നു കല്ല് വീണത്. ടിപ്പർ അമിത വേഗത്തിലാണ് വന്നതെന്ന് നാട്ടുകാർ പറയുന്നു. തുറമുഖ നിർമ്മാണത്തിനായി കല്ലുകൾ കൊണ്ടുപോകുന്ന ടിപ്പറുകളുടെ അമിതവേഗത്തിനെതിരെ നേരത്തെയും പരാതി ഉയർന്നിരുന്നു.