മധുരമൂറി ഈന്തപ്പഴ വിപണി

Friday 22 March 2024 12:11 AM IST

പാലക്കാട്: റംസാന്റെ പുണ്യമാസത്തിലേക്ക് വിശ്വാസികൾ ചുവടുവച്ചതോടെ ഈന്തപ്പഴ വിപണിക്ക് മധുരമൂറും വില്പന നേട്ടം. വ്രതാനുഷ്ഠാന പരിസമാപ്തിയിൽ ഉണങ്ങിയ ഈന്തപ്പഴം കഴിച്ചാണ് വിശ്വാസികൾ നോമ്പ് തുറക്കുന്നത്.

ഏകദേശം 400ഓളം വ്യത്യസ്ത തരത്തിലുള്ള ഈത്തപ്പഴങ്ങളുണ്ട്. ഇതിൽ കേരളത്തിലെ വിപണിയിൽ വിറ്റഴിയുന്നത് 20ഓളം തരത്തിലുള്ളവയാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് 20 ശതമാനം വിലവർദ്ധനയാണ് ഇത്തവണ ഉണ്ടായത്. എങ്കിലും വിപണിയിൽ ഈത്തപ്പഴത്തിനുള്ള ആവശ്യക്കാർ കുറവല്ല. കിലോയ്ക്ക് 140 രൂപ മുതൽ 1800 രൂപ വരെയുള്ള ഈന്തപ്പഴങ്ങൾ വിപണിയിലുണ്ട്. മിക്കവയ്ക്കും നല്ല ഡിമാൻഡാണെന്ന് കച്ചവടക്കാർ പറയുന്നു. സാധാരണ ഈത്തപ്പഴങ്ങളായ സംസം 120, സഫാവി 600, ടൂണീഷ്യൻ 320 രൂപ, സീഡ്‌ലെസ് ഇനത്തിന് 400 രൂപയുമാണ് വില. ഈത്തപ്പഴങ്ങൾക്കു പുറമെ തുർക്കിയിലെ മുന്തിയ പഴങ്ങളായ അപ്രകോട്ട്, കാരക്ക, അണ്ടിപ്പരിപ്പ്, ബദാം, ഡ്രൈ ഫ്രൂട്ട്സ്, മിക്സഡ് ഫ്രൂട്ട്സ്, പഴച്ചാറുകൾ എന്നിവക്കും ആവശ്യക്കാരേറെയാണ്.

 വിദേശിയാണ് താരം

സൗദി അറേബ്യ, അഫ്ഗാനിസ്ഥാൻ, ഒമാൻ, ടുണീഷ്യ, ഇറാൻ, അൾജീരിയ, കുവൈത്ത്, ഇറാക്ക് എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും ഈന്തപ്പഴമെത്തുന്നത്. വലിപ്പത്തിൽ മുന്നിലുള്ള അൾജീരിയയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഇനത്തിന് കിലോക്ക് 600 മുതൽ 1000 രൂപയാണ് വില. അംബറിന് 1500 രൂപയുമാണ് വിപണി വിലയെങ്കിൽ സുല്ലി, സുത്രിയ 500, സൗദിമ ബ്രൂൺ 900, മസൂക്ക്, സഫാരി, സക്കായി, മജ്ബൂൺ 400 മുതൽ 600 രൂപ വരെയുമാണ് വില. പായ്ക്കറ്റിലും അല്ലാതെയും ഈന്തപ്പഴങ്ങൾ കിട്ടും.

വിശ്വാസികൾക്ക് ഏറെ പ്രിയപ്പെട്ട അജുവ ഡേറ്റ്സും വിപണിയിൽ സുലഭമാണ്. പുണ്യഭൂമിയായ മദീനയിൽ നിന്നെത്തുന്ന ഇതിന് വില കിലോയ്ക്ക് 800 രൂപ. ഒമാനിൽ നിന്നുള്ള കിമിയ, അറേബ്യയിലെ സഫാവി, മബ്രും, ഇറാക്കിലെ മറിയം, ജോർദാന്റെ മേജോൾ, ഇറാന്റെ ഫറാജി എന്നിവയ്ക്കും പ്രിയമുണ്ട്.

Advertisement
Advertisement