'ഇവരുടെ പേരിനൊപ്പം കലാമണ്ഡലം ചേർക്കുന്നത് സ്ഥാപനത്തിന് കളങ്കമാണ്'; സത്യഭാമയുടേത് പരിഷ്‌കൃത സമൂഹത്തിന് ചേരാത്ത പരാമർശമെന്ന് കേരള കലാമണ്ഡലം

Thursday 21 March 2024 4:58 PM IST

ചെറുതുരുത്തി: നർത്തകി കലാമണ്ഡലം സത്യഭാമയുടെ വിവാദ പ്രസ്താവനകളെ തള്ളി കേരള കലാമണ്ഡലം. സത്യഭാമയുടേതായി നിലവിൽ വന്നുകൊണ്ടിരിക്കുന്ന പ്രസ്താവനകളും പ്രതികരണങ്ങളും നിലപാടുകളും പൂർണമായി നിരാകരിക്കുകയും അപലപിക്കുകയും ചെയ്യുന്നതായി കേരള കലാമണ്ഡലം വൈസ് ചാൻസലർ പ്രൊഫസർ ബി അനന്തകൃഷ്ണനും രജിസ്ട്രാർ ഡോ. പി രാജേഷ് കുമാറും വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

ഒരു പരിഷ്കൃത സമൂഹത്തിന് നിരക്കാത്ത ഇത്തരം പ്രസ്താവനകൾ നടത്തുന്ന വ്യക്തികളുടെ പേരിനോടൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേർക്കപ്പെടുന്നത് സ്ഥാപനത്തിന് കളങ്കമാണ്. കേരള കലാമണ്ഡലത്തിലെ ഒരു പൂർവ വിദ്യാർത്ഥി എന്നതിനപ്പുറം ഇവർക്ക് കലാമണ്ഡലവുമായി നിലവിൽ യാതൊരു ബന്ധവുമില്ലെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ വിവാദപരമായ പരാമർശങ്ങൾ നടത്തിയത്. 'മോഹിനിയാട്ടം കളിക്കുന്നവർ എപ്പോഴും മോഹിനിയായിരിക്കണം. ഇയാളെ കണ്ടുകഴിഞ്ഞാൽ കാക്കയുടെ നിറമാണ്. എല്ലാം കൊണ്ടും കാല് അകത്തിവച്ച് കളിക്കുന്ന ഒരു കലാരൂപമാണ്. ഒരു പുരുഷൻ കാലും കവച്ചുവച്ച് കളിക്കുന്നത് പോലൊരു അരോചകം ഇല്ല. എന്റെ അഭിപ്രായത്തിൽ മോഹിനിയാട്ടം കളിക്കുന്ന ആൺകുട്ടികൾക്ക് സൗന്ദര്യം ഉണ്ടായിരിക്കണം. ആൺപിള്ളേരിൽ സൗന്ദര്യം ഉള്ളവർ ഇല്ലേ. ഇവനെ കണ്ടാൽ പെറ്റതള്ള പോലും സഹിക്കില്ല.'- എന്നിങ്ങനെയായിരുന്നു സത്യഭാമ പറഞ്ഞത്.