കുടുംബ ക്ഷേത്രത്തിലെ ഉത്സവപരിപാടിക്ക് രാമകൃഷ്ണനെ ക്ഷണിക്കും; പത്മശ്രീ കിട്ടാൻ സഹായം അഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി ബന്ധപ്പെട്ടിരുന്നുവെന്നും സുരേഷ് ഗോപി

Friday 22 March 2024 8:30 AM IST

തൃശൂർ: പത്മശ്രീ അവാർഡ് ലഭിക്കാൻ സഹായം അഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി തന്നെ ബന്ധപ്പെട്ടിരുന്നുവെന്ന് തൃശൂരിലെ എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപി. കലാമണ്ഡലം ഗോപിയേയും കുടുംബത്തെയും മാനിച്ചാണ് ഒന്നും പുറത്തുപറയാതിരുന്നതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.


കലാമണ്ഡലം ഗോപിയെ വീട്ടിലെത്തി കാണില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കലാമണ്ഡലം ഗോപിക്ക് ചില രാഷ്ട്രീയ ബാദ്ധ്യതകളുണ്ട്. ആ രാഷ്ട്രീയ ബാദ്ധ്യതകളോർത്താണ് വീട്ടിലേക്ക് പോകാത്തതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

ആർ എൽ വി രാമകൃഷ്ണനെതിരായ കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശത്തിലും സുരേഷ് ഗോപി പ്രതികരിച്ചു. വിവാദങ്ങളിൽ കക്ഷി ചേരാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ആർ എൽ വി രാമകൃഷ്ണന് വേദി നൽകുമെന്നും കുടുംബ ക്ഷേത്രത്തിലെ ഉത്സവപരിപാടിക്ക് രാമകൃഷ്ണനെ ക്ഷണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഫലം നൽകിയാകും ക്ഷണിക്കുകയെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. സുരേഷ് ഗോപി വേദി നൽകുമെന്ന് അറിയിച്ചതിൽ സന്തോഷമുണ്ടെന്ന് രാമകൃഷ്ണൻ പ്രതികരിച്ചു. കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ പരാതി നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. പൊലീസിനും സാംസ്‌കാരിക വകുപ്പിനും മുഖ്യമന്ത്രിക്കുമാണ് പരാതി നൽകുക.


ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു സത്യഭാമയുടെ വിവാദ പരാമർശം. ''മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാളെ കണ്ട് കഴിഞ്ഞാൽ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തിവച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷൻ ഇങ്ങനെ കാല് കവച്ചുവച്ച് മോഹിനിയാട്ടം കളിക്കുകയെന്നുപറഞ്ഞാൽ ഇതുപോലെയൊരു അരോചകത്വം വേറെയില്ല. ആൺപിള്ളേർക്ക് മോഹിനിയാട്ടം ചേരുകയാണെങ്കിൽ തന്നെ അവർക്ക് അതുപോലെ സൗന്ദര്യം വേണം. ആൺപിള്ളേരിൽ നല്ല സൗന്ദര്യമുള്ളവർ ഇല്ലേ? ഇവനെ കണ്ടാൽ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ല"- എന്നായിരുന്നു സത്യഭാമ പറഞ്ഞത്.

Advertisement
Advertisement