ഇടുക്കിയിൽ ബസ് ജീവനക്കാരനെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി; മൃതദേഹത്തിന് സമീപം കത്തിയ നിലയിൽ ബൈക്കും
Friday 22 March 2024 8:47 AM IST
ഇടുക്കി: അണക്കരയിൽ ബസ് ജീവനക്കാരനെ മരിച്ചനിലയിൽ കണ്ടെത്തി. അണക്കര സ്വദേശി കളങ്ങരയിൽ തങ്കച്ചൻ (50) ആണ് മരിച്ചത്. പൊള്ളലേറ്റാണ് മരിച്ചത്. മൃതദേഹത്തിന് സമീപത്തായി ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്കും കത്തിയനിലയിൽ കണ്ടെത്തി.
ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ബൈക്കിൽ ബസ് സ്റ്റാൻഡിലേക്ക് പോകുകയായിരുന്നു തങ്കച്ചൻ. അണക്കര ഏഴാം മൈലിലെത്തിയപ്പോൾ ബൈക്കിന് തീപിടിക്കുകയായിരുന്നു. ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇദ്ദേഹത്തിനും പൊള്ളലേൽക്കുകയായിരുന്നു. അടുത്തുള്ള പാടത്തേക്ക് ഓടുമ്പോഴേക്ക് ദേഹം മുഴുവൻ തീപടർന്നു. ആളൊഴിഞ്ഞ സ്ഥലമായിരുന്നു. അതിനാൽ അൽപം വൈകിയാണ് ആളുകൾ വിവരമറിഞ്ഞത്.