'തനിക്കെതിരെ ഒരു ലോബി പ്രവർത്തിക്കുന്നുണ്ട്'; സത്യഭാമയ്ക്കൊപ്പം യൂട്യൂബ് ചാനലിനെതിരെയും അവതാരകനെതിരെയും നടപടികൾ സ്വീകരിക്കുമെന്ന് രാമക്യഷ്ണൻ
തൃശൂർ: അധിക്ഷേപ പരാമർശം നടത്തിയ കലാമണ്ഡലം സത്യഭാമയ്ക്കൊപ്പം യൂട്യൂബ് ചാനലിനെതിരെയും അഭിമുഖം നടത്തിയ അവതാരകനെതിരെയും നിയനടപടികൾ സ്വീകരിക്കുമെന്ന് ആർഎൽവി രാമക്യഷ്ണൻ. പരാതി നൽകുന്നതിനോടനുബന്ധിച്ച് വിദഗ്ദ്ധരോട് നിയമോപദേശം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കലാരംഗത്ത് പുതിയതായി എത്തുന്നവർക്ക് കടന്നുവരാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും രാമകൃഷ്ണൻ പ്രതികരിച്ചു. 'അധിക്ഷേപത്തെ നിയമപരമായി നേരിടാനാണ് തീരുമാനം. ബാക്കിപത്രമായി ഇനിയും വിവേചനം അവശേഷിക്കരുത്. കറുത്തവർ മോഹിനിയാട്ടം ചെയ്യരുതെന്ന ചിന്താഗതിക്കെതിരെയാണ് പോരാട്ടം. തനിക്കെതിരെ കലാമേഖലയിൽ ഒരു ലോബി പ്രവർത്തിക്കുന്നുണ്ട്. നിരന്തര വിവാദങ്ങൾക്ക് പിന്നിൽ അത്തരം ലോബികളാണ്'- അദ്ദേഹം പറഞ്ഞു.
അതേസമയം, രാമകൃഷ്ണന് പിന്തുണയുമായി നടനും തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയുമായ സുരേഷ്ഗോപിയും രംഗത്തെത്തിയിരുന്നു. രാമകൃഷ്ണന് വേദി നൽകുമെന്നും കുടുംബ ക്ഷേത്രത്തിലെ ഉത്സവ പരിപാടിക്ക് അദ്ദേഹത്തെ ക്ഷണിക്കുമെന്നും സുരേഷ്ഗോപി വ്യക്തമാക്കി. പ്രതിഫലം നൽകിയാകും ക്ഷണിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരേഷ്ഗോപി വേദി നൽകുമെന്ന് അറിയിച്ചതിൽ സന്തോഷമുണ്ടെന്ന് രാമകൃഷ്ണൻ പ്രതികരിച്ചിരുന്നു.
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു സത്യഭാമയുടെ വിവാദ പരാമർശം. ''മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാളെ കണ്ട് കഴിഞ്ഞാൽ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തിവച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷൻ ഇങ്ങനെ കാല് കവച്ചുവച്ച് മോഹിനിയാട്ടം കളിക്കുകയെന്നുപറഞ്ഞാൽ ഇതുപോലെയൊരു അരോചകത്വം വേറെയില്ല. ആൺപിള്ളേർക്ക് മോഹിനിയാട്ടം ചേരുകയാണെങ്കിൽ തന്നെ അവർക്ക് അതുപോലെ സൗന്ദര്യം വേണം. ആൺപിള്ളേരിൽ നല്ല സൗന്ദര്യമുള്ളവർ ഇല്ലേ? ഇവനെ കണ്ടാൽ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ല"- എന്നായിരുന്നു സത്യഭാമ പറഞ്ഞത്.