പോരാളിയെത്താതെ പടക്കളം; നാലിടത്ത് ഇരുട്ടിൽ തപ്പി ബി.ജെ.പി പ്രചാരണം

Saturday 23 March 2024 1:12 AM IST

തിരുവനന്തപുരം: എൽ.ഡി.എഫിന് പിന്നാലെ യു.ഡി.എഫും പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രണ്ടാം ഘട്ടം പിന്നിട്ട് കുതിക്കുമ്പോഴും, സംസ്ഥാനത്തെ നാല് മണ്ഡലങ്ങളിൽ സ്വന്തം പോരാളികൾ ആരെന്നറിയാതെ ഉഴലുകയാണ് ബി.ജെ.പി നേതാക്കളും അണികളും. കൊല്ലം,എറണാകുളം,ആലത്തൂർ,വയനാട് സീറ്റുകളാണ് എൻ.ഡി.എയ്ക്ക് ഫലത്തിൽ 'നാഥനില്ലാ കളരി'യായി തുടരുന്നത്.

ബി.ജെ.പി ഇന്നലെ ഡൽഹിയിൽ പ്രഖ്യാപിച്ച നാലാം ഘട്ട സ്ഥാനാർത്ഥി പട്ടികയിലും ഈ നാല് മണ്ഡലങ്ങളും ഒഴിച്ചിട്ടു.ചുവരുകളിൽ പാർട്ടി ചിഹ്നവും വോട്ടഭ്യർത്ഥനയും എഴുതി സ്ഥാനാർത്ഥിക്കായി സ്ഥലം ഒഴിച്ചിട്ട് കാത്തിരിപ്പ് തുടങ്ങിയിട്ട് ആഴ്ചകളായി. സ്ഥാനാർത്ഥിയുടെ ചിത്രം വച്ചുള്ള പ്രസ്താവനകൾ വരെ എതിർ മുന്നണികൾ വീടുകളിൽ എത്തിച്ചിട്ടും,പോസ്റ്ററുകൾ പോലും ഇറക്കാനാവാത്ത സ്ഥിതി.കാത്തിരുന്ന് മടുത്ത പല പ്രാദേശിക നേതാക്കളും പ്രവർത്തകരും ഉശിരേറി ത്രികോണ മത്സരം നടക്കുന്ന സമീപ മണ്ഡലങ്ങളിൽ തത്കാലത്തേക്ക് ചേക്കേറിയിരിക്കുകയാണ്.

കൊല്ലവും വയനാടും ചർച്ചാ വിഷയം

നാല് മണ്ഡലങ്ങളിലാണ് ബി.ജെ.പി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കേണ്ടതെങ്കിലും കൊല്ലവും വയനാടുമാണ് എതിർ ക്യാമ്പുകളിലെയും, രാഷ്ട്രീയ വിശകലനങ്ങളിലെയും ചർച്ചാ വിഷയം.കൊല്ലത്ത് തുടർച്ചയായ മൂന്നാമൂഴം തേടുന്ന യു.ഡി.എഫിലെ സിറ്റിംഗ് എം പി എൻ.കെ.പ്രേമചന്ദ്രനും,എൽ.ഡി.എഫിലെ എം.മുകേഷ് എം.എൽ.എയും തമ്മിലുള്ള പോരാട്ടം കത്തിക്കയറുമ്പോഴും,ബി.ജെ.പി പോരാളിയുടെ ചിത്രം അവ്യക്തം പ്രേമചന്ദ്രനും,ബി.ജെ.പി നേതൃത്വവും തമ്മിലുള്ള അന്തർധാരയുടെ ഭാഗമാണിതെന്ന എൽ.ഡി.എഫ് പ്രചാരണം മണ്ഡലത്തിൽ ശക്തം.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിരുന്നിൽ പ്രേമചന്ദ്രൻ പങ്കെടുത്തതും,മോദിയെ ശക്തനായ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ചതുമാണ് ഇതിന് അടിസ്ഥാനമായി പറയുന്നത്.എന്നാൽ,പാർലമെന്റിൽ മോദിക്കും, സർക്കാരിനുമെതിരെ എറ്റവും കൂടുതൽ ശബ്ദമുയർത്തിയ പ്രതിപക്ഷാംഗമാണ് പ്രേമചന്ദ്രനെന്നാണ് ഇതിന് യു.ഡി.എഫിന്റെ മറുപടി. യു.ഡി.എഫ് സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധി വീണ്ടും ജനവിധി തേടുന്ന വയനാട്ടിലെ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ബി.ജെ.പിയിൽ ആശയക്കുഴപ്പം തുടരുന്നു വയനാട് മണ്ഡലത്തിലെ പ്രത്യേക രാഷ്ടീയ സാഹചര്യത്തിൽ രാഹുലിനെതിരെ വി.ഐ.പി സ്ഥാനാർത്ഥിയെ ഇറക്കാനിടയില്ല. എങ്കിലും,മത്സരം കടുപ്പിക്കുന്നതിന് സംസ്ഥാനത്തെ പ്രമുഖ നേതാക്കളിൽ ഒരാളായേക്കും സ്ഥാനാർത്ഥി.പാർട്ടിയുടെ അഞ്ചാം ഘട്ട പട്ടികയിൽ സംസ്ഥാനത്തെ നാല് സീറ്റുകളിലെയും സ്ഥാനാർത്ഥികൾ ഇടം പിടിച്ചേക്കും.

എ പ്ളസ് മണ്ഡലങ്ങളിൽ അപ്രതീക്ഷിത മുന്നേറ്റം

തിരുവനന്തപുരവും,ആറ്റിങ്ങലും ഉൾപ്പെടെ സംസ്ഥാനത്ത് എ പ്ളസ് എന്ന് കരുതുന്ന അഞ്ച് മണ്ഡലങ്ങളിലെ പ്രചാരണത്തിൽ അപ്രതിക്ഷിത മുന്നേറ്റമാണ് ഇതിനകം സൃഷ്ടിക്കാൻ കഴിഞ്ഞതെന്നാണ് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. തീ പാറുന്ന ത്രികോണ മത്സര പ്രതീതി ഇവയ്ക്ക് പുറമെ തൂശൂരും,പാലക്കാട്ടും ഉൾപ്പെടെ സംജാതമായിട്ടുണ്ട്.പ്രധാനമന്ത്രി വീണ്ടും എത്തുന്നതോടെ,പ്രചാരണത്തിൽ മുൻകൈ നേടാനാവുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.