ഫണ്ട് മരവിപ്പിക്കൽ തിര. അട്ടിമറിക്കാൻ: എം.എം. ഹസൻ

Saturday 23 March 2024 12:34 AM IST

തിരുവനന്തപുരം: കോൺഗ്രസിന്റെ ഫണ്ട് മരവിപ്പിച്ച് തിരഞ്ഞെടുപ്പ് ബി.ജെ.പിക്ക് അനുകൂലമായി അട്ടിമറിക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്ന് കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസൻ. ഇതിനെതിരേ കേരളത്തിലും രാജ്യവ്യാപകമായും വമ്പിച്ച പ്രതിഷേധം അലയടിക്കുകയാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പാർട്ടി നേതാക്കൾക്ക് യാത്ര ചെയ്യാനോ പ്രചാരണം നടത്താനോ പണമില്ലാത്ത അവസ്ഥയാണ്. ഇന്ത്യയുടെ ചരിത്രത്തിൽ ഇതാദ്യത്തെ സംഭവമാണ്. രാഷ്ട്രീയകക്ഷികളുടെ വരുമാനത്തിന് ആദായ നികുതി ബാധകമല്ലാത്തപ്പോഴാണ് കോൺഗ്രസിന്റെ 115 കോടി രൂപ ആദായനികുതിയായി ബലമായി പിടിച്ചെടുത്തത്. ബാക്കി പണം മരവിപ്പിക്കുകയും ചെയ്തു.

അനധികൃതമായ ഇലക്ട്രൽ ബോണ്ടിലൂടെ കോടാനുകോടികൾ ബി.ജെ.പി സമാഹരിച്ചിട്ടാണ് പൊതുജനങ്ങളിൽ നിന്ന് സമാഹരിച്ച കോൺഗ്രസിന്റെ ഫണ്ട് കൈയിട്ടു വാരിയത്. ബി.ജെ.പി അടച്ച ആദായ നികുതിയുടെ കണക്ക് വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഡൽഹി മുഖ്യമന്ത്രി കേജ്രിവാളിനെ രാത്രിയിൽ വീട്ടിൽ നിന്ന് ഇ.ഡി അറസ്റ്റ് ചെയ്തത് ഏകാധിപത്യനടപടിയാണ്. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെയും ഈ രീതിയിൽ അറസ്റ്റ് ചെയ്തിരുന്നു. രണ്ടു മാസത്തിനിടെ ഇന്ത്യാ മുന്നണിയിലെ രണ്ടാമത്തെ മുഖ്യമന്ത്രിയെയാണ് അറസ്റ്റ് ചെയ്തത്. 400 സീറ്റ് നേടി വൻവിജയം കൊയ്യുമെന്നു അവകാശപ്പെടുന്ന ബി.ജെ.പി എത്രമാത്രം അരക്ഷിതമാണെന്നാണ് അവരുടെ നടപടികൾ വ്യക്തമാക്കുന്നതെന്നും ഹസൻ ചൂണ്ടിക്കാട്ടി.

Advertisement
Advertisement