മോഹിനിയാട്ടം അവതരിപ്പിക്കാൻ ആർഎൽവി രാമകൃഷ്‌ണനെ ക്ഷണിച്ച് കേരള കലാമണ്ഡലം

Saturday 23 March 2024 1:22 PM IST

തൃശൂർ: മോഹിനിയാട്ടം അവതരിപ്പിക്കാൻ നർത്തകൻ ആർഎൽവി രാമകൃഷ്‌ണനെ ക്ഷണിച്ച് കേരള കലാമണ്ഡലം. ശനിയാഴ്‌ച വൈകിട്ട് അഞ്ച് മണിക്ക് കലാമണ്ഡലത്തിലെ കൂത്തമ്പലത്തിൽ വച്ചാണ് അവതരണം. ആദ്യമായാണ് കലാമണ്ഡലത്തിൽ നൃത്തം അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നതെന്ന് ആർഎൽവി രാമകൃഷ്ണൻ പ്രതികരിച്ചു. കലാമണ്ഡലത്തിലെ ഗവേഷക വിദ്യാർത്ഥിയായിരുന്നു രാമകൃഷ്‌ണൻ.

ആർഎൽവി രാമകൃഷ്‌ണനെതിരെ കലാമണ്ഡലം സത്യഭാമ എന്ന നർത്തകി നടത്തിയ വംശീയ അധിക്ഷേപത്തിന്റെ പിന്നാലെയാണ് നൃത്തം അവതരിപ്പിക്കാൻ കലാമണ്ഡലം തന്നെ അദ്ദേഹത്തെ നേരിട്ട് ക്ഷണിച്ചത്. നേരത്തേ, കുടുംബക്ഷേത്രത്തിലെ നൃത്താവതരണത്തിനുള്ള സുരേഷ് ഗോപിയുടെ ക്ഷണം ആർഎൽവി രാമകൃഷ്ണൻ നിരസിച്ചിരുന്നു.

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ആർഎൽവി രാമകൃഷ്ണനെതിരെ സത്യഭാമയുടെ പരാമർശം. ഇത് വിവാദമായതോടെ രമകൃഷ്‌ണന് പിന്തുണയുമായി നിരവധിപേർ രംഗത്തെത്തി. തുടർന്ന് സത്യഭാമയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുക്കുകയും കലാമണ്ഡലം തന്നെ സത്യഭാമയുടെ വാക്കുകൾ തള്ളിപ്പറയുകയും ചെയ്‌തിരുന്നു.