പച്ചപ്പ് വാടാതെ മലപ്പുറം

Sunday 24 March 2024 12:40 AM IST

മലപ്പുറം: ചുട്ടു പൊള്ളുന്ന ചൂടിലും മലപ്പുറത്തെ പച്ചപ്പിന് യാതൊരു വാട്ടവുമില്ല. കേരളത്തിൽ തിരഞ്ഞെടുപ്പ് ചൂട് കനക്കുമെന്ന് പ്രവചിക്കുന്നവ‌ർ പോലും മലപ്പുറത്തെ കാലാവസ്ഥയിൽ വലിയ മാറ്റങ്ങളൊന്നും കാണുന്നില്ല. യു.ഡി.എഫിനായി മുസ്ളിം ലീഗിന്റെ ഇ.ടി.മുഹമ്മദ് ബഷീറും എൽ.ഡി.എഫിനായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫും എൻ.ഡി.എയ്ക്കായി കാലിക്കറ്റ് സ‌‌‌ർവകലാശാല മുൻ വിസി ഡോ. എം.അബ്ദുൾ സലാമുമാണ് പോ‌‌ർക്കളത്തിലുള്ളത്. ന്യൂനപക്ഷ വോട്ടർമാർ ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ ഫാസിസവും കേന്ദ്ര സ‌ർക്കാർ നിലപാടുകളുമാണ് ഇടതും വലതും ചർച്ചയാക്കുന്നത്. മൂന്നു മുന്നണി സ്ഥാനാർത്ഥികൾ നിലപാട് വ്യക്തമാക്കുന്നു.

ജനാധിപത്യത്തിന് നിർണ്ണായകം:

ഇ.ടി.മുഹമ്മദ് ബഷീർ

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് നിർണ്ണായകമായ തിരഞ്ഞെടുപ്പാണിത്. രാജ്യത്തെ മതേതരത്വവും ജനാധിപത്യവും തകർക്കാൻ വേണ്ടതെല്ലാം മോദി സർക്കാർ ചെയ്യുന്നുണ്ട്. ജനാധിപത്യത്തോടും പാർലമെന്റിനോടും മോദിക്ക് പുച്ഛമാണ്. നിർണ്ണായക നിയമ നിർമ്മാണങ്ങൾക്കായി മന്ത്രിമാർ എഴുന്നേൽക്കുമ്പോഴാണ് എം.പിമാർ പോലും കാര്യമറിയുന്നത്. മോദിയുടെ വർണ്ണപ്പൊലിമയിൽ വീഴുന്നവരല്ല കേരള ജനത. സി.എ.എയെ പാർലമെന്റിനകത്തും പുറത്തും ശക്തമായി എതിർത്തതും സുപ്രീംകോടതിയിൽ നിയമ നടപടികളുമായി മുന്നോട്ടുപോയതും മുസ്ലിം ലീഗാണ്. ലോക്‌സഭ തിരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെയും വിലയിരുത്തലാവും. ജനങ്ങളെ ദുരിതത്തിലാക്കുന്ന നയങ്ങളും നടപടികളുമായി തീർത്തും മോശമായ ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഉന്നതതലങ്ങളിലെ അഴിമതിയും ജനങ്ങൾ കാണുന്നുണ്ട്.

ബി.ജെ.പിക്ക് മുന്നിൽ

മുട്ടുവിറക്കില്ല: വി.വസീഫ്
പൗരത്വ നിയമ ഭേദഗതി ഉൾപ്പെടെ ബി.ജെ.പിയുടെ ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ഉറച്ച നിലപാടുകൾ സ്വീകരിക്കുന്ന ജനപ്രതിനിധിയാവും. സി.എ.എ വിഷയത്തിൽ മുസ്ലിം ലീഗിന് ആത്മാ‌‌‌ർത്ഥതയില്ല. പാർലമെന്റ് നിലപാടുകൾ പരിശോധിച്ചാൽ ഇത് മനസിലാവും. മലപ്പുറത്തെ നിലപാടല്ല അവർ ഡൽഹിയിൽ സ്വീകരിച്ചത്. പാർലമെന്റിൽ ഈ വിഷയം ചർച്ചയ്ക്കെടുത്തപ്പോൾ ലീഗ് എം.പിമാർക്ക് മുട്ടുവിറച്ചത് ജനങ്ങൾക്ക് മനസിലായിട്ടുണ്ട്. റെയിൽവേ വികസനം, വിദ്യാഭ്യാസമടക്കം പശ്ചാത്തല വികസന രംഗത്ത് നിലവിലെ എം.പി എന്തു ചെയ്തെന്നത് വോട്ടർമാർ ചർച്ച ചെയ്യുന്നുണ്ട്. 2004ൽ മഞ്ചേരി മണ്ഡലത്തിലുണ്ടായ അട്ടിമറി മലപ്പുറത്തും ആവർത്തിക്കും. അന്നത്തെ അതേ രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോഴുള്ളത്. ബി.ജെ.പിയെ അകറ്റി നിറുത്താൻ അധികാര കസേരകൾക്ക് പിന്നാലെ പോവാതെ ഉറച്ച നിലപാടുകളുമായി പാർലമെന്റിൽ ഇടതുപക്ഷ എം.പിമാർ ഉണ്ടാവും.

മോദി വരണം: ഡോ. എം.അബ്ദുൽ സലാം

മു‌സ്ലിം സ്ത്രീകൾ നേരിടുന്ന ലിംഗ സമത്വമില്ലായ്മ തുടച്ചുനീക്കാൻ മോദി സർക്കാരിനെ സാധിക്കൂ. മതഭേദമില്ലാതെ പുരുഷനും സ്ത്രീക്കും തുല്യ അവകാശങ്ങൾ ലഭിക്കണം. മുത്തലാഖിൽ കുരുക്കിട്ട മുസ്ലിം സ്ത്രീകളുടെ കഷ്ടപ്പാടിന് പരിഹാരം കണ്ടെത്തിയത് മോദിയാണ്. എൻ.ഡി.എ എം.പി ഇല്ലാതിരുന്നിട്ടും മലപ്പുറത്ത് നിരവധി വികസന പ്രവർത്തനങ്ങൾ മോദി സർക്കാർ നടപ്പാക്കി. രാജ്യത്തുണ്ടായ വികസനം ലോകരാജ്യങ്ങൾ പോലും അമ്പരപ്പോടെയാണ് നോക്കുന്നത്. കേന്ദ്രത്തിൽ വരാൻ പോകുന്ന ഡബിൾ എൻജിൻ ഭരണത്തിൽ കേരളത്തിൽ നിന്നും പ്രതിനിധി ഉണ്ടാകണമെന്നാണ് എൻ.ഡി.എയുടെ ആഗ്രഹം. വിഭജന സമയത്തെ വാക്ക് പാലിക്കുകയാണ് സി.എ.എയിലൂടെ മോദി സർക്കാർ ചെയ്തത്. പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെട്ടാൽ അവർക്ക് തിരിച്ചുപോരാമെന്ന് ഇരുരാജ്യങ്ങളും സമ്മതിച്ചിരുന്നു. ഈ വാക്ക് വർഷങ്ങൾക്ക് ശേഷം മോദി സർക്കാരാണ് നടപ്പാക്കിയത്.

Advertisement
Advertisement