സിദ്ധാർത്ഥിന്റെ മരണം: ആന്റി റാഗിംഗ് കമ്മിറ്റി അന്തിമ റിപ്പോർട്ട് സർവകലാശാലയ്ക്ക് സമർപ്പിക്കും
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് കോളേജ് വിദ്യാർത്ഥി ജെ.എസ് സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ആന്റി റാഗിംഗ് കമ്മിറ്റിയുടെ അന്തിമ റിപ്പോർട്ട് പുറത്തുവന്നു. എട്ടു മാസത്തോളം നീണ്ട പീഡനമാണ് സിദ്ധാർത്ഥ് കോളേജിൽ നേരിട്ടതെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. പലപ്പോഴും സിദ്ധാർത്ഥിനെ നഗ്നനാക്കിയായിരുന്നു പീഡനം. എല്ലാദിവസവും കോളേജ് യൂണിയൻ പ്രസിഡന്റും എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റിയംഗവുമായ കെ. അരുണിന്റെ മുറിയിൽ സിദ്ധാർത്ഥ് ഹാജരാകണമെന്നതായിരുന്നു ശിക്ഷ. ഫോട്ടോഗ്രാഫർ എന്ന നിലയ്ക്ക് വിദ്യാർത്ഥികൾക്കിടയിൽ സിദ്ധാർത്ഥ് താരമായി വളരുന്നതായിരുന്നു പീഡനത്തിന് കാരണം.
സിദ്ധാർത്ഥ് കോളേജിൽ നേരിട്ടത് മൂന്നു ദിവസത്തെ ക്രൂരമർദ്ദനം എന്നായിരുന്നു ഇതുവരെ പുറത്തുവന്ന വിവരങ്ങൾ. എന്നാൽ സിദ്ധാർത്ഥിന്റെ സഹപാഠിയിൽ നിന്നുൾപ്പെടെ ശേഖരിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് ആന്റി റാഗിംഗ് കമ്മിറ്റി അന്തിമ റിപ്പോർട്ട് തയ്യാറാക്കിയത്. ആന്റി റാഗിംഗ് കമ്മിറ്റി 166 കുട്ടികളുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. എട്ടുമാസം നീണ്ടുനിന്ന പീഡന വിവരം ആന്റി റാഗിംഗ് കമ്മിറ്റിയിൽ ഉൾപ്പെട്ട അദ്ധ്യാപകർ അറിഞ്ഞിട്ടില്ല എന്നതാണ് ദുഃഖകരം. സിദ്ധാർത്ഥിന്റെ ജന്മദിനത്തിൽ തൂണിൽ കെട്ടിയിട്ട് പീഡിപ്പിച്ചതായും മൊഴിയുണ്ട്.
പെൺകുട്ടിയോട് മോശമായി പെരുമാറിയതിനാണ് തങ്ങൾ സിദ്ധാർത്ഥിനെ മർദ്ദിച്ചതെന്ന വാദവും ഇതോടെ പൊളിയുകയാണ്. ഭാവിയിൽ സിദ്ധാർത്ഥ് കോളേജ് യൂണിയൻ തലങ്ങളിലേക്ക് ഉൾപ്പെടെ സമാന്തരമായി എത്തുമോ എന്ന ആശങ്കയും അക്രമികൾക്കുണ്ടായിരിക്കാമെന്നാണ് നിഗമനം. സിദ്ധാർത്ഥ് താമസിച്ചിരുന്ന ഹോസ്റ്റലിലെ കുക്ക് സംഭവങ്ങൾക്കുശേഷം ജോലി രാജിവച്ചൊഴിഞ്ഞു. ആന്റി റാഗിംഗ് കമ്മിറ്റി റിപ്പോർട്ട് അടുത്തദിവസം തന്നെ സർവകലാശാലയ്ക്ക് കൈമാറും. ഇതിനകം മുപ്പത്തിയൊന്ന് പേർക്കെതിരെയാണ് കോളേജ് നടപടി സ്വീകരിച്ചത്.