2555 ദിവസങ്ങൾകൊണ്ട് 54 ലക്ഷം പൊതിച്ചോറ്; ജനങ്ങളുടെ പുഞ്ചിരിയല്ലാതെ മറ്റൊന്നും ആഗ്രഹിച്ചിട്ടില്ലെന്ന് ചിന്ത ജെറോം

Sunday 24 March 2024 10:28 AM IST

കൊല്ലം: ഡിവൈഎഫ്‌ഐയുടെ പൊതിച്ചോർ വിതരണ പദ്ധതിയായ ഹൃദയസ്‌പർശം കൊല്ലത്ത് എട്ടാം വർഷത്തിൽ. 2555 ദിവസങ്ങൾ കൊണ്ട് 54 ലക്ഷം പൊതിച്ചോറുകൾ വിതരണം ചെയ്‌തുവെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു. ഇതനുസരിച്ച് ദിവസം ശരാശരി 2000 പൊതിച്ചോർ എന്ന നിലയിൽ വിതരണം ചെയ്യാൻ സാധിച്ചു. കഴിഞ്ഞ ഏഴ് വർഷമായി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോറുകൾ വിതരണം ചെയ്ത് ഡിവൈഎഫ്‌ഐ എന്ന നാലക്ഷരം ഈ നാടിന്റെ സ്‌നേഹമായി മാറിയെന്നും ചിന്ത ജെറോം പറഞ്ഞു.

'ജില്ലാ ആശുപത്രിയിലേക്ക് പൊതിച്ചോർ എന്ന ആവശ്യവുമായി ഡിവൈഎഫ്ഐ പ്രവർത്തകർ വീടുകളിൽ എത്തുമ്പോൾ, കുടുംബാംഗങ്ങൾ ജാതിയോ മതമോ കക്ഷിരാഷ്ട്രീയമോ ഒന്നും നോക്കാതെ ആവശ്യപ്പെടുന്നതിലും കൂടുതൽ പൊതിച്ചോറുകൾ തയ്യാറാക്കി കാത്തിരിക്കാറുണ്ട്. ഡിവൈഎഫ്‌ഐയുടെ മാതൃകാപരമായ സന്നദ്ധ പ്രവർത്തനത്തിന്റെ ഏറ്റവും മികച്ച അടയാളപ്പെടുത്തലായി പൊതിച്ചോർ വിതരണം മാറി. എതിർ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കന്മാർ പോലും ഡിവൈഎഫ്‌ഐയുടെ പൊതിച്ചോർ വിതരണം നോക്കൂ. അതുകണ്ട് പഠിക്കൂ എന്ന് യുവജന പ്രവർത്തകരോട് പറയാറുണ്ട്. വിനയത്തോടെ ഡിവൈഎഫ്‌ഐ ഈ സ്‌നേഹം ഏറ്റുവാങ്ങുന്നു. ' - പിന്ത ജെറോം പ്രതികരിച്ചു.

രോഗികൾക്ക് രക്തം ആവശ്യം വരുമ്പോൾ ഓടിയെത്തിയും ആംബുലൻസ് എത്തിച്ചും ഡിവൈഎഫ്‌ഐ രോഗികൾക്കൊപ്പമുണ്ട്. മറ്റൊന്നും ആഗ്രഹിച്ചല്ല ഇതെല്ലാം ചെയ്യുന്നത്. നിങ്ങളുടെ പുഞ്ചിരി മാത്രം മതിയെന്നും കഴിഞ്ഞ ഏഴ് വർഷമായി അത് ആവോളം ലഭിച്ചിട്ടുണ്ടെന്നും ചിന്ത ജെറോം പ്രതികരിച്ചു.