മാസപ്പടി വിവാദം; വീണാ വീജയനെ എസ്എഫ്ഐഒ ഉടൻ ചോദ്യം ചെയ്തേക്കില്ലെന്ന് സൂചന

Sunday 24 March 2024 11:45 AM IST

കൊച്ചി: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ (എസ്എഫ്ഐഒ) ഉടൻ ചോദ്യം ചെയ്തേക്കില്ലെന്ന് സൂചന. വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക്ക് മുഖേന നടത്തിയ എല്ലാ സാമ്പത്തിക ഇടപാടുകളുടെയും വിശദവിവരങ്ങൾ ശേഖരിച്ചതിന് ശേഷം മാത്രമേ ചോദ്യം ചെയ്യുകയുളളൂവെന്നാണ് തീരുമാനം. കമ്പനിയുമായി സംശയകരമായ സാമ്പത്തിക ഇടപാടുകൾ നടത്തിയ സ്ഥാപനങ്ങളുടെ മേധാവികളെ എസ്എഫ്ഐഒ താമസിയാതെ ചോദ്യം ചെയ്യും.

സിഎംആർഎല്ലിലും കെഎസ്‌ഐഐഡിസിയിലും മുൻപ് തന്നെ എസ്എഫ്‌ഐഒ അന്വേഷണം നടത്തിയിരുന്നു. അന്വേഷണം പൂർത്തിയാക്കാൻ എട്ട് മാസത്തെ കാലാവധി ഉളളതിനാലാണ് വീണാ വിജയന്റെ ചോദ്യം ചെയ്യൽ വൈകുന്നത്‌. അതേസമയം, എക്സാലോജിക് 12 സ്ഥാപനങ്ങളുമായി നടത്തിയ സാമ്പത്തിക ഇടപാടിന്റെ രേഖകൾ എസ്എഫ്ഐഒ ഇതിനകം തന്നെ ശേഖരിച്ചിട്ടുണ്ട്. എക്സാലോജിക്കുമായി ബന്ധമുള്ള എട്ട് സ്ഥാപനങ്ങളുടെ വിവരങ്ങൾ പരാതിക്കാരനായ ഷോൺ ജോർജ് എസ്എഫ്ഐഒയ്ക്ക് മുൻപ് തന്നെ കൈമാറിയിരുന്നു. കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളേജ്, സാന്റാമോണിക്ക, ജെഡിടി ഇസ്ലാമിക്, അനന്തപുരി എഡ്യുക്കേഷൻ സൊസൈറ്റിയുൾപ്പടെ പല സ്ഥാപനങ്ങളിൽ നിന്നും ചെറുതും വലുതുമായ തുക എക്സാലോജിക് കൈപ്പറ്റിയിട്ടുണ്ട്.