ഗൺമാൻ  മർദ്ദിച്ച  കേസ് ക്രൈംബ്രാഞ്ചിന്  വിട്ടു

Monday 25 March 2024 12:00 AM IST

ആലപ്പുഴ: നവകേരളസദസിനെത്തിയ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച കെ.എസ്.യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസിനെയും യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജ്യുവൽ കുര്യാക്കോസിനെയും പൊലീസ് കസ്റ്റഡിയിലിരിക്കെ സുരക്ഷാ ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ച കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.

കേസ് പ്രത്യേക ഏജൻസിയെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട് മ‌ർദ്ദനത്തിനിരയായവർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവമുണ്ടായി മൂന്നുമാസത്തിനുശേഷം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഡിവൈ.എസ്.പി അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാകും അന്വേഷിക്കുക. 2023 ഡിസംബർ 15ന് ആലപ്പുഴയിലെ നവകേരള സദസിൽ പങ്കെടുത്തശേഷം ഉച്ചകഴിഞ്ഞ് അമ്പലപ്പുഴയിലെ സദസിൽ പങ്കെടുക്കാനായി മുഖ്യമന്ത്രിയും മന്ത്രിമാരും പ്രത്യേക ബസിൽ കടന്നുപോകുമ്പോൾ തോമസും അജയ് ജ്യുവലും ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനിൽ വച്ച് മുദ്രാവാക്യം മുഴക്കി. പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്ത് റോഡരികിലേക്ക് മാറ്റിയതിനു പിന്നാലെ അകമ്പടി വാഹനത്തിൽ നിന്ന് മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലും സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപും ചാടിയിറങ്ങി പൊലീസ് വലയത്തിലായിരുന്ന തോമസിനെയും അജയിയെയും കൈവശമുണ്ടായിരുന്ന വടികൾകൊണ്ട് പൊതിരെ തല്ലുകയായിരുന്നു. തല്ലിച്ചതയ്ക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിലടക്കം വൈറലായി. പൊലീസ് കേസെടുത്തില്ല. നേതാക്കൾ കോടതിയെ സമീപിച്ചു. കേസെടുക്കാൻ ഫസ്റ്റ്ക്ളാസ് മജിസ്ട്രേട്ട് സീനാബീഗം ഉത്തരവിട്ടു. പിന്നാലെ കേസെടുത്തെങ്കിലും പ്രതികളായ ഉദ്യോഗസ്ഥർ പൊലീസിനു മുന്നിൽ ഹാജരാകാൻ സാവകാശം തേടി.ഇനി ക്രൈംബ്രാഞ്ച് ഇവർക്ക് നോട്ടീസ് നൽകും.