സ്ട്രോംഗാണ് സഞ്ജു !

Monday 25 March 2024 1:11 AM IST

രാജസ്ഥാൻ റോയൽസ് ആദ്യ മത്സരത്തിൽ 20 റൺസിന് ലക്നൗ സൂപ്പർ ജയന്റ്സിനെ തോൽപ്പിച്ചു

സഞ്ജു സാംസണ് അർദ്ധസെഞ്ച്വറി (82 നോട്ടൗട്ട്)

ജയ്പുർ : ആദ്യ മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെ 20 റൺസിന് കീഴടക്കി സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് ഐ.പി.എൽ 17-ാം സീസണിലെ രാജസൂയം തുടങ്ങി. ഇന്നലെ ജയ്പുർ സവായ് മാൻ സിംഗ് സ്റ്റേഡിയത്തിൽ ആദ്യം ബാറ്റ് ചെയ്ത് 193/4 എന്ന സ്കോർ ഉയർത്തിയ രാജസ്ഥാനെതിരെ കെ.എൽ രാഹുലിന്റെ ലക്നൗ 173/6 എന്ന സ്കോറിൽ ഒതുങ്ങുകയായിരുന്നു. 52 പന്തുകൾ നേരിട്ട് മൂന്നുഫോറും ആറുസിക്സും ഉൾപ്പടെ പുറത്താകാതെ 82 റൺസ് നേടി നായകന്റെ പ്രകടനം പുറത്തെടുത്ത സഞ്ജുവിന്റേയും 29 പന്തുകളിൽ 43 റൺസ് നേടിയ റയാൻ പരാഗിന്റേയും ബാറ്റിംഗാണ് രാജസ്ഥാന് മികച്ച സ്കോർ നൽകിയത്. ലക്നൗവിനായി ക്യാപ്ടൻ രാഹുലും (58), നിക്കോളാസ് പുരാനും (64 നോട്ടൗട്ട്) ലക്നൗവിനായി പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല.

സീസണിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ സഞ്ജു ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിംഗിനെത്തിയ യശസ്വി ജയ്സ്വാളും (24) ജോസ് ബട്ട്‌ലറും (11) നന്നായി തുടങ്ങിയെങ്കിലും രണ്ടാം ഓവറിൽ തന്നെ ബട്ട്‌ലർക്ക് മടങ്ങേണ്ടിവന്നതോടെ സഞ്ജുവിന് കളത്തിലേക്ക് ഇറങ്ങേണ്ടിവന്നു. തുടക്കം മുതൽ സഞ്ജു പന്ത് നന്നായി മിഡിൽ ചെയ്യാൻ ശ്രമിച്ചപ്പോൾ യശ്വസി ബൗണ്ടറികളിലേക്ക് തിരിച്ചു. അഞ്ചാം ഓവറിൽ ടീം സ്കോർ 49ൽ നിൽക്കേ യശസ്വിയെ മൊഹ്സിൻ ഖാൻ കൂടാരം കയറ്റി. തുടർന്ന് ക്രീസിലൊരുമിച്ച സഞ്ജുവും റയാൻ പരാഗും ചേർന്നാണ് രാജസ്ഥാൻ ഇന്നിംഗ്സിന് അ‌ടിത്തറയിട്ടത്. 15-ാം ഓവറിൽ ടീമിനെ 142ലെത്തിച്ചാണ് ഈ സഖ്യം പിരിഞ്ഞത്. 29 പന്തുകളിൽ ഒരു ഫോറും മൂന്ന് സിക്സുമടിച്ച റയാനെ നവീൻ ഉൽ ഹഖാണ് പുറത്താക്കിയത്. തുടർന്ന് ഇംപാക്ട് പ്ളേയറായി ഇറങ്ങിയ ഷിമ്രോൺ ഹെറ്റ്മേയർ (5) വേഗം മടങ്ങിയെങ്കിലും ധ്രുവ് ജുറേലിനെ (12 പന്തുകളിൽ 20 റൺസ്) ക്കൂട്ടി സഞ്ജു ടീമിനെ 194ലെത്തിച്ചു.

മറുപടിക്കിറങ്ങിയ ലക്നൗവിന് ക്വിന്റൺ ഡികോക്ക്(4), ദേവ്‌ദത്ത് പടിക്കൽ(0),ആയുഷ് ബദോനി(1) എന്നിവരെ തുടക്കത്തിലേ നഷ്‌ടമായി. ഡികോക്കിനെയും ദേവ്‌ദത്തിനെയും ബൗൾട്ട് മടക്കി അയച്ചപ്പോൾ നാന്ദ്രേ ബർഗറാണ് ബദോനിക്ക് റിട്ടേൺ ടിക്കറ്റ് നൽകിയത്. ഇതോടെ 11/3 എന്ന സ്കോറിൽ പതറിയ ലക്നൗവിനെ നാലാം വിക്കറ്റിൽ ഒരുമിച്ച കെ.എൽ രാഹുലും ഇംപാക്ട് പ്ളേയർ ദീപക് ഹൂഡയും (26) ചേർന്ന് മുന്നോട്ടുനയിച്ചു. 60 റൺസിലെത്തിയപ്പോൾ ഹൂഡയെ പുറത്താക്കി ചഹൽ വീണ്ടും പ്രഹരമേൽപ്പിച്ചു. തുടർന്നിറങ്ങിയ നിക്കോളാസ് പുരാനൊപ്പം രാഹുൽ പൊരുതിനിന്നു. 17-ാം ഓവറിലെ ആദ്യ പന്തിൽ രാഹുലിനെ പുറത്താക്കി സന്ദീപ് ശർമ്മയാണ് ലക്നൗവിന്റെ ചേസിംഗിന് കനത്ത പ്രഹരമേൽപ്പിച്ചത്. തുടർന്ന് മാർക്കസ് സ്റ്റോയ്നിസിന്റെ വിക്കറ്റും ലക്നൗവിന് നഷ്ടമായി. 41 പന്തുകളിൽ നാലുവീതം ഫോറും സിക്സുമടക്കം 68 റൺസമായി പുരാൻ പുറത്താകാതെ നിന്നെങ്കിലും ഫലമുണ്ടായില്ല.

സഞ്ജു സാംസണാണ് മാൻ ഒഫ് ദ മാച്ച്.

Advertisement
Advertisement