മൂന്നാർ-കുമളി സംസ്ഥാനപാതയിൽ നിലയുറപ്പിച്ച് കൊമ്പൻ പടയപ്പ; തുരത്താൻ ആർ ആർ ടി സംഘം രംഗത്ത്

Monday 25 March 2024 8:26 AM IST

മൂന്നാർ: ജനവാസമേഖലയിലിറങ്ങി വീണ്ടും കാട്ടുകൊമ്പൻ പടയപ്പ. ഇടുക്കിയിൽ മൂന്നാർ-കുമളി ദേശീയപാതയിൽ ലോക്ക് ഹാർട്ടിന് സമീപം ടോൾ ബൂത്തിലാണ് ആനയിറങ്ങിയത്. പ്രദേശത്ത് നിന്നും മാറാതെ ആന റോഡിൽ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. ആനയെ തുരത്താൻ ആർ.ആർ.ടി സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

ആഴ്‌ചകൾക്ക് മുൻപ് വിനോദസഞ്ചാരികളുടെ കാർ തകർത്ത പടയപ്പ മദപ്പാട് സമയമായതിനാൽ അക്രമ സ്വഭാവം കാട്ടിയിരുന്നു. ദിവസങ്ങൾക്ക് മുൻപ് മാട്ടുപ്പെട്ടിയിലിറങ്ങിയ പടയപ്പ ഇവിടെയുള്ള പെട്ടിക്കടകൾ തകർത്തിരുന്നു. ഇക്കോ പോയിന്റിലും എത്തി ആന ഭീതി വിതച്ചു. ആർആർടി സംഘം എത്തിയതിന് പിന്നാലെ ആന കാടുകയറിയെങ്കിലും രാത്രിയോടെ തിരികെയെത്തി. ഇതിനുപിന്നാലെ ആനയെ തുരത്താൻ പുതിയ സംഘത്തെ വനംവകുപ്പ് നിയോഗിച്ചിരുന്നു.