ഇന്നസെന്റ് ചിരിയില്ലാത്ത ചാലക്കുടിയിലെ പ്രചാരണം

Tuesday 26 March 2024 4:50 AM IST

തൃശൂർ: നടനും ചാലക്കുടിയുടെ എം.പിയുമായിരുന്ന ഇന്നസെന്റിന്റെ നർമ്മമധുരമായ ഓർമ്മകൾക്ക് ഇന്ന് ഒരാണ്ട്. ചാലക്കുടിക്കാർക്ക് ഇന്നസെന്റിന്റെ പ്രചാരണകാലം മറക്കാനാകില്ല. വോട്ട് ചോദിക്കുന്നതിനിടെ ജനങ്ങളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും നാടിന്റെ വികസനകാഴ്ചപ്പാടുകൾ ലളിതമായും സരസമായും അവരോട് വിവരിക്കാനും ഇന്നസെന്റ് ശ്രമിച്ചിരുന്നു.

സ്ത്രീകളുടെയും ചെറുപ്പക്കാരുടെയും ഇഷ്ടം പെട്ടെന്ന് പിടിച്ചുപറ്റി. ഗ്രാമങ്ങളിൽ ഇന്നസെന്റ് വോട്ട് ചോദിച്ചെത്തുമ്പോൾ സ്ത്രീകളടക്കമുള്ള നൂറുകണക്കിന് പേർ ഓടിയെത്തി. ഇന്നസെന്റിന്റെ ഹാസ്യത്തിൽ പൊതിഞ്ഞ കഥകളും അനുഭവങ്ങളും പ്രചാരണവേദികളെ രസിപ്പിച്ചു. അദ്ദേഹത്തിന്റെ പ്രസംഗം തുടങ്ങും മുൻപേ വോട്ടർമാർ ചിരി തുടങ്ങും. അദ്ദേഹം മൈക്ക് വിട്ടൊഴിയും വരെ ആ ചിരി നീളും. 2014 ൽ പി.സി. ചാക്കോയെ തോൽപ്പിച്ച അദ്ദേഹം കഴിഞ്ഞ തവണ ബെന്നി ബെഹ്നാനോട് പരാജയപ്പെട്ടു.


 ഓർമ്മകൾക്ക് ഇന്ന് ആദരം

ഇന്നസെന്റിന്റെ വിയോഗത്തിന് ഒരു വർഷം തികയുന്ന വേളയിൽ ഇന്ന് വൈകിട്ട് നാലരയ്ക്ക് ഇരിങ്ങാലക്കുട എസ്.എൻ.ബി.എസ് സമാജം ശ്രീനാരായണ ഹാളിൽ ചേരുന്ന കലസാംസ്‌കാരിക സംഗമം ഇന്നസെന്റിന്റെ പത്‌നി ആലീസ് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ. ആർ. ബിന്ദു അദ്ധ്യക്ഷയാകും. 'ഓർമ്മകളിൽ ഇന്നസെന്റ്' സാംസ്‌കാരിക സംഗമത്തിൽ, സത്യൻ അന്തിക്കാട്, കമൽ, വി.കെ. ശ്രീരാമൻ, അശോകൻ ചരുവിൽ, സിബി കെ. തോമസ്, പ്രേംലാൽ, ഗായത്രി വർഷ, സിജി പ്രദീപ് തുടങ്ങിയവർ പങ്കെടുക്കും.

നാടിന്റെ ഹൃദയത്തിൽ വിരാജിക്കവേയാണ് ഇന്നസെന്റ് യാത്രയായത്. അരനൂറ്റാണ്ടു കാലം ചലച്ചിത്രാസ്വാദകരുടെ ഹൃദയം നിറച്ച് നമ്മോടൊപ്പം ഇന്നസെന്റുണ്ടായി. സിനിമയിലെന്നപോലെ നേർജീവിതത്തിലും ഇന്നസെന്റ് നർമ്മം സൂക്ഷിച്ചിരുന്നു. എം.പി എന്ന നിലയിൽ സുസ്ഥിരമായ വികസനം മണ്ഡലത്തിന് സമ്മാനിച്ചു. അഭൂതപൂർവമായ വികസനപ്രവർത്തനങ്ങളാണ് നടപ്പാക്കിയത്".

- ഡോ. ആർ. ബിന്ദു, മന്ത്രി

Advertisement
Advertisement