അയ്യപ്പസ്വാമിക്ക് ആറാട്ട്, ദർശനപുണ്യം നേടി ആയിരങ്ങൾ

Tuesday 26 March 2024 4:07 AM IST

ശബരിമല: ശരണമന്ത്രങ്ങൾ ഭക്തിസാന്ദ്രമാക്കിയ അന്തരീക്ഷത്തിൽ നടന്ന അയ്യപ്പസ്വാമിയുടെ ആറാട്ട് ഭക്തർക്ക് പുണ്യദർശനമായി. ഇന്നലെ ഉച്ചയ്ക്ക് 12ന് പമ്പാനദിയിലെ സ്‌നാനഘട്ടത്തിൽ നടന്ന ആറാട്ടിന് തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി വി.എൻ. മഹേഷ് നമ്പൂതിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡംഗം അഡ്വ. അജികുമാർ, ദേവസ്വം സ്‌പെഷ്യൽ സെക്രട്ടറി എം.ജി.രാജമാണിക്യം, ഐ.എസ്.ആർ.ഒ സാറ്റലൈറ്റ് സെന്റർ ഡെപ്യൂട്ടി ഡയറക്ടർ ഡോ. എസ്.വി. ശർമ്മ, കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റ തുടങ്ങിയവർ സന്നിഹിതരായിരുന്നു.


ആറാട്ട് പൂജകൾക്കും ആറാട്ടിനുംശേഷം ദേവനെ പമ്പാ ഗണപതികോവിലിലെ മണ്ഡപത്തിലേക്ക് എഴുന്നളളിച്ചിരുത്തി. തുടർന്ന് ഭക്തർക്ക് ദർശനത്തിനും പറയിടുന്നതിനും സൗകര്യമൊരുക്കി. വൈകിട്ട് 4.30ന് ആറാട്ട് ഘോഷയാത്ര തിരികെ സന്നിധാനത്തേക്ക് തിരിച്ചു. ഘോഷയാത്ര സന്നിധാനത്ത് തിരിച്ചെത്തിയതോടെ പൈങ്കുനി ഉത്രം ഉത്സവത്തിന് കൊടിയിറങ്ങി. വിഷു ഉത്സവത്തിനായി ഏപ്രിൽ 10ന് വൈകിട്ട് 5ന് നടതുറക്കും.