കേബിൾ കുരുക്കിൽ കേരളം, 2​ ​കി​ലോ​മീ​റ്ററി​ൽ​ ​നി​ന്ന് നീ​ക്കി​യ​ത് 6​ ​ലോ​ഡ്

Tuesday 26 March 2024 4:01 AM IST

പാലാരിവട്ടം കെ.എസ്.ഇ.ബി. ഓഫീസിൽ കൂട്ടിയിട്ടിരിക്കുന്ന മുറിച്ചുമാറ്റിയ കേബിളുകൾ

കൊച്ചി: ഇലക്ട്രിക് പോസ്റ്റുകളിലെ ഉപയോഗശൂന്യമായ കേബിൾകുരുക്കു പരീക്ഷണാടിസ്ഥാനത്തിൽ നീക്കാനിറങ്ങിയ കെ.എസ്.ഇ.ബിക്ക് രണ്ടു കിലോമീറ്റർ ദൂരത്ത് നിന്ന് ലഭിച്ചത് ആറ് ലോഡ് കേബിൾ! സംസ്ഥാനത്തുടനീളം കേബിളിൽ കുരുങ്ങിയുള്ള അപകടങ്ങളിൽ നിരവധിപ്പേർക്ക് പരിക്കേറ്റ സാഹചര്യത്തിലാണ് കർശന നടപടിയുമായി സർക്കാർ മുന്നോട്ടുവന്നത്. കേബിൾ സ്ഥാപിച്ചവർ കൈയൊഴിഞ്ഞതോടെയാണ് കെ.എസ്.ഇ.ബി 'കുരുക്കിലായത്".

പാലാരിവട്ടം മുതൽ തമ്മനം വരെയുള്ള പ്രദേശത്താണ് ട്രയൽറൺ പുരോഗമിക്കുന്നത്. ഒരുമാസം കൊണ്ട് പൂർത്തിയാക്കണമെന്നായിരുന്നു നിർദ്ദേശം. ആഴ്ചയിൽ നാലുദിവസമിറങ്ങിയിട്ടും പകുതി പോലും നീക്കാനായില്ല. കേബിളുകൾ ഏറെയുള്ളതും ജീവനക്കാരുടെ കുറവുമാണ് പ്രശ്നം.

കൊച്ചി കോർപ്പറേഷനെയാണ് ആദ്യം ദൗത്യം ഏല്പിച്ചിരുന്നത്. ഇത് വേണ്ട രീതിയിൽ മുന്നോട്ടുപോയില്ല. സ്വകാര്യ ഏജൻസികളെ നിയോഗിക്കാനുള്ള ശ്രമവും വിജയിച്ചില്ല. തുടർന്നാണ് കെ.എസ്.ഇ.ബിയെ ചുമതലപ്പെടുത്തിയത്.

ഓപ്പറേറ്റർമാരുടെ സാന്നിദ്ധ്യത്തിൽ പോസ്റ്റുകളിലെ മുഴുവൻ കേബിളും അഴിച്ച് താഴെയിട്ട ശേഷം ആവശ്യമായവ മാത്രം ടാഗ് ചെയ്ത് പുനഃസ്ഥാപിക്കുന്നതാണ് രീതി. 60 കേബിൾ ലൈനുകൾ വരെയുള്ള പോസ്റ്റുകൾ ഇവിടെയുണ്ട്. ഓപ്പറേറ്റർമാർക്ക് പോലും സ്വന്തം കേബിൾ തിരിച്ചറിയാത്ത സാഹചര്യം.

ചെമ്പ് വേണം,​ ഫൈബർ വേണ്ട

പോസ്റ്റുകളിൽ നിന്നു നീക്കുന്ന കോപ്പർ കേബിളുകൾ ഓപ്പറേറ്റർമാർ കൊണ്ടുപോകും. ആക്രിക്കാർക്കു പോലും വേണ്ടാത്ത ഫൈബർ കേബിൾ കെ.എസ്.ഇ.ബിയുടെ തലയിലാകും. റിസൈക്ലിംഗ് കമ്പനികൾക്ക് അങ്ങോട്ട് പണം കൊടുത്താണ് ഇവ അടിച്ചേൽപ്പിക്കുന്നത്.

പോസ്റ്റിന് 350

പോസ്റ്റിന് 350 രൂപയാണ് കേബിൾ വലിക്കാൻ ഓപ്പറേറ്റർമാർ കെ.എസ്.ഇ.ബിക്ക് നൽകേണ്ടത്. അനധികൃത കേബിളുകളും ധാരാളമുണ്ട്.

പാലാരിവട്ടം കെ.എസ്.ഇ.ബി വളപ്പിൽ കുന്നുകൂടിയ കേബിളുകൾ ഏറ്റെടുക്കാൻ ഓപ്പറേറ്റർമാർ തയ്യാറായിട്ടില്ല. റിസൈക്ലിംഗ് കമ്പനികൾക്ക് നൽകാനുള്ള ആലോചനയിലാണ്.

- കുര്യാക്കോസ് പോൾ,

അസി. എൻജിനിയർ,

കെ.എസ്.ഇ ബി പാലാരിവട്ടം സെക്ഷൻ