ഓംഹ്രീം... ഗോൾ വരട്ടെ!
ഗുവാഹത്തി: ഫിഫ ലോകകപ്പ് സെക്കൻഡ് റൗണ്ട് ഗ്രൂപ്പ് എയിലെ നിർണായക പോരാട്ടത്തിൽ ഇന്ത്യ ഇന്ന് വീണ്ടും അഫ്ഗാനിസ്ഥാനെ നേരിടും. കഴിഞ്ഞയാഴ്ച സൗദി അറേബ്യയിൽ നടന്ന ഇരുടീമും ഏറ്റുമുട്ടിയ ഇന്ത്യയുടെ എവേ മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചിരുന്നു. ഇന്ന് ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിലാണ് മത്സരം. രാത്രി 7നാണ് കിക്കോഫ്. പോയന്റ ടേബിളിൽ നിലിവിൽ ഖത്തറിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 3 മത്സരങ്ങളിൽ നിന്ന് ഒന്ന് വീതം ജയവും തോൽവിയും സമനിലയും ഉൾപ്പടെ 4 പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. അവസാന സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാൻ കളിച്ച് മൂന്ന് കളികളിൽ രണ്ടും തോറ്റു. 2026 ലോകകപ്പ് യോഗ്യാത പോരാട്ടത്തിൽ മൂന്നാം റൗണ്ടിലേക്കുള്ള യാത്ര ,സുഗമമാക്കുവാൻ ഇന്ത്യയ്ക്ക് ഇന്ന് ജയം അത്യാവശ്യമാണ്.
ഗോളടിക്കാനാകുന്നില്ലെന്നതാണ് ഇന്ത്യ നിലവിൽ നേരിടുന്ന പ്രധാന പ്രശ്നം. ഗ്രൂപ്പ് എയിൽ ഖത്തർ 8-1നും കുവൈറ്റ് 4-0ത്തിനും തോൽപ്പിച്ച അഫ്‌ഗാനെതിരെ കഴിഞ്ഞ തവണ ഫിനിഷിംഗിലെ പിഴവുകൊണ്ട് മാത്രമാണ് ഇന്ത്യയ്ക്ക് ജയിക്കാനാകാതെ പോയത്.
അഫ്ഗാനിസ്ഥാനെതിരെ ക്യാപ്ടൻ സുനിൽ ഛെത്രിയ്‌ക്കൊപ്പം ഐ.എസ്.എല്ലിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായ വിക്രം പ്രതാപ് സിംഗിനെ കോച്ച് ഇഗോർ സ്റ്റിമാച്ച് കളത്തിലിറക്കി നോക്കിയിട്ടും രക്ഷയുണ്ടായില്ല. ക്രോസ് ക്ലിയർ ചെയ്യാൻ ശ്രമിക്കുന്നതിനിടെ രണ്ട് തവണയാണ് ഛെത്രി അഫ്ഗാൻ ബോക്സിൽ വീണത്. പരിക്കിൽ നിന്ന് മോചിതനാകാത്ത മലയാളി താരം സഹൽ അബ്ദുൾ സമദ് ഇന്നും കളിച്ചേക്കില്ല. മറുവശത്ത് പ്രതീക്ഷകൾ നിലനിറുത്താൻ അഫ്ഗാനും ഇന്ന് ജയം അത്യാവശ്യമായതിനാൽ മത്സരം തീപാറും.കഴിഞ്ഞ മത്സരത്തിൽ അഫ്ഗാനും അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും അവർക്കും ലക്ഷ്യം പിഴച്ചു.
ഗോൾ വരട്ടെ
അവസാനം കളിച്ച മത്സരങ്ങളിലും ഇന്ത്യയ്ക്ക് ഗോൾ നേടാനായിട്ടില്ല. രണ്ട് ദശാബ്ദത്തിനിടെ ഇത്രയും വലിയ ഗൾ വരൾച്ച നേരിടുന്നത് ഇതാദ്യമായാണ്.
ഛെത്രി @ 150
ഇന്ത്യൻ ക്യാപ്ടൻ സുനിൽ ഛെത്രിയുടെ 150-ാം അന്താരാഷ്ട്ര മത്സരമാണ് ഇന്നത്തേത്.93 ഗോളുകൾ നേടിക്കഴിഞ്ഞ ഛെത്രി അന്താരാഷ്ട്ര തലത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളി നാലാമതാണ്.
ലൈവ്
സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ സിനിമയിലും