വോട്ടുകൾ പെട്ടിയിലാക്കാൻ കൊടുംചൂടിലും സ്ഥാനാർത്ഥികൾ

Wednesday 27 March 2024 12:04 AM IST
കോഴിക്കോട്‌ ലോക്‌സഭ മണ്ഡലം എൽ.ഡി.എഫ്‌ സ്ഥാനാർത്ഥി എളമരം കരീമിന്റെ പര്യടനത്തിൽ നിന്ന്

കോഴിക്കോട്: തിരഞ്ഞെടുപ്പ് ചൂടേറിയതോടെ ഓരോ വോട്ടും പെട്ടിയിലാക്കാൻ വിശ്രമമില്ലാതെ സ്ഥാനാർത്ഥികൾ. പ്രമുഖ വ്യക്തികളെ കണ്ടും സ്ഥാപനങ്ങൾ സന്ദർശിച്ചും വോട്ടുറപ്പിക്കുകയാണ്. എലത്തൂർ നാലുവയൽ കോളനിയിൽ നിന്നായിരുന്നു കോഴിക്കോട്‌ മണ്ഡലം എൽ.ഡി.എഫ്‌ സ്ഥാനാർത്ഥി എളമരം കരീമിന്റെ ഇന്നലത്തെ പര്യടനത്തിന് തുടക്കം. രാവിലെ സ്‌ത്രീകളുടെ ചെണ്ട മേളത്തോടെ സ്ഥാനാർത്ഥിയെ വരവേറ്റു. കുട്ടികളും സ്ത്രീകളും കെെ നിറയെ കൊന്നപൂക്കൾ നൽകി. വി.കെ. റോഡ്, അന്നശ്ശേരി പാലം, ചീക്കിലോട്, കുണ്ടൂർ, മഠത്തിൽ താഴം, പുന്നശ്ശേരി, പാവണ്ടൂർ, മുണ്ടക്കാട്ട് താഴം, ചേളന്നൂർ 09/05 എന്നിവിടങ്ങളിൽ വോട്ടഭ്യർത്ഥിച്ചു. ഉച്ചയ്ക്ക് ശേഷം മമ്മിളിത്താഴം, ഗേറ്റ് ബസാർ, പുല്ലാളൂർ, ചെറുവറ്റക്കടവ്, കിഴക്കുമ്മുറി, എരക്കുളം, കണിയാട്ടുതാഴം, ചെറുകുളം, തടങ്ങാട്ടുവയൽ, കണ്ടംകുളങ്ങര, ചെട്ടികുളം ബസാർ,എലത്തൂർ ബസാർ എന്നിവിടങ്ങളിലും പര്യടനം നടത്തി. കലാലയങ്ങളുടെ ഹൃദയം കീഴടക്കിയാണ് വടകര മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ ഷൈലജയുടെ പര്യടനം. നാദാപുരത്ത് രാവിലെ വ്യക്തികളെ കണ്ട് വോട്ടഭ്യർത്ഥിച്ച ശേഷമായിരുന്നു ക്യാമ്പസ് സന്ദർശനം. എം.ഇ.ടി കോളേജ്, നാദാപുരം ടി.ഐ.എം
ബി.എഡ് സെന്റർ, വേളം മലബാർ കോളേജ്, പുളിയാവ് നാഷണൽ കോളേജ് എന്നിവിടങ്ങളിൽ വോട്ടഭ്യർത്ഥിച്ചു. വൈകിട്ട് രക്തസാക്ഷി കടന്നപുറത്ത് കുഞ്ഞിരാമന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു. പൂതം പാറ പള്ളിയിലും എത്തി. പൗരത്വ ബില്ലിനെതിരായ നാദാപുരത്തെ റാലിൽ പങ്കെടുത്തു.

നഗരത്തിലെ പ്രമുഖ സ്ഥാപനങ്ങളിലും വീടുകളിലും ക്യാമ്പസുകളിലുമായിരുന്നു യു.ഡി.എഫ് കോഴിക്കോട് മണ്ഡലം സ്ഥാനാർത്ഥി എം.കെ രാഘവന്റെ സന്ദർശനം. രാവിലെ ചേളന്നൂർ എസ്എൻ കോളേജ് സന്ദർശിച്ചു. മുദ്രാവാക്യം വിളികളും പ്രകടനങ്ങളുമായി വിദ്യാർത്ഥികൾ സ്ഥാനാർത്ഥിയെ വരവേറ്റു. ചേളന്നൂർ ഖാദിയിലും ചേളന്നൂർ ട്രഷറിയിലും ചേളന്നൂരിലെ പ്രൈമറി ഹെൽത്ത് സെന്റർ തുടങ്ങിയ ഇടങ്ങളിലും സന്ദർശനം നടത്തി. ഉച്ചയ്ക്ക് ശേഷം കോഴിക്കോട് നഗരത്തിലെ പ്രധാന സ്ഥാപനങ്ങൾ സന്ദർശിച്ചു. മാനാഞ്ചിറ ഗവ.ടീച്ചർസ് എഡ്യുക്കേഷൻ കോളേജിൽ വോട്ടഭ്യർത്ഥിച്ചു. അദ്ധ്യാപക പരിശീലന കേന്ദ്രത്തിൽ വിദ്യാർത്ഥികളുമായി സംവദിച്ചും വോട്ടഭ്യർത്ഥിച്ചുമായിരുന്നു എം.കെ .രാഘവന്റെ മടക്കം. വെെകിട്ട് കോഴിക്കോട് ബിഷപ്പ് വർഗീസ് ചക്കാലക്കലിനെ സന്ദർശിച്ചു. വടകര യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ വിദേശത്താണ്.

നഗരത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കോർപ്പറേഷൻ ഓഫീസിന് മുന്നിൽ നടത്തിയ ജനകീയ സത്യാഗ്രഹ സമരത്തോടെയാണ് കോഴിക്കോട്‌ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എം.ടി രമേശിന്റെ പര്യടനം. ഒളവണ്ണയിലെ കൊടുനാട്ട് മുക്കിലേക്കാണ് പിന്നത്തെ യാത്ര. കടകളിലും വീടുകളിലും കയറി രമേശ് സംവദിക്കുമ്പോൾ തന്റെ വീട്ടിലെ മാത്രമല്ല നാട്ടിലെ രൂക്ഷമായ കുടിവെള്ള പ്രശ്‌നം അവർ പങ്കുവെച്ചു. കുന്നത്തുപാലം ടൗൺ, പന്തീരാങ്കാവ് ടൗൺ എന്നിവിടങ്ങളിലും സന്ദർശിച്ചു. തലശ്ശേരിയിൽ അതിരൂപതാ പിതാവ് മാർ ജോസഫ് പാംപ്ലാനിയെ സന്ദർശിച്ചാണ് വടകര മണ്ഡലം എൻ.ഡി. എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണൻ പര്യടനത്തിന് തുടക്കം കുറിച്ചത്. ചേറ്റംകുന്ന്, മുനിസിപ്പാലിറ്റി, മാർക്കറ്റ് പരിസരം, താലൂക്ക് ഓഫീസ്, ജില്ലാ കോടതി, കോടിയേരി മേഖല പെട്ടിപ്പാലം കോളനി, വരപ്രത്ത് കാവ് ,​ന്യൂ മാഹി പഞ്ചായത്ത്, തിരുവങ്ങാട് ഏരിയ എന്നിവിടങ്ങളിൽ സന്ദർശിച്ചു. വെെകിട്ട് തലശ്ശേരി ടൗണിൽ റോഡ് ഷോയും നടത്തി.

Advertisement
Advertisement