നെന്മാറ-വല്ലങ്ങി വേലയെക്കുറിച്ച് കൊട്ടിപ്പാടി രക്കപ്പൻ സ്വാമി

Thursday 28 March 2024 1:32 AM IST
രക്കപ്പൻ സ്വാമി

നെന്മാറ: ചരിത്ര പ്രസിദ്ധമായ നെന്മാറ-വല്ലങ്ങി വേലയെക്കുറിച്ച് കൊട്ടിപ്പാടി അറിയിക്കുന്ന രക്കപ്പൻ സ്വാമി ഇതിനകം ജനഹൃദയങ്ങളിൽ ഇടം നേടിക്കഴിഞ്ഞു. വേലയെക്കുറിച്ച് 21 വിധത്തിലുള്ള പാട്ടുകൾ ചിട്ടപ്പെടുത്തിയാണ് അകംപാടം വിഷ്ണുമായ ക്ഷേത്രം പൂജാരിയും കവിയുമായ രക്കപ്പൻ സ്വാമി ശ്രദ്ധേയനായത്. നെന്മറ-വല്ലങ്ങി വേലയ്ക്ക് കൂറയിട്ടതു മുതൽ 21 ദിവസം ദേവിയെക്കുറിച്ചും വേലയെക്കുറിച്ചും പാടിയ പാട്ടുകൾ സാമൂഹ്യ മാദ്ധ്യമങ്ങളിലും പ്രചാരത്തിലായി. നാടൻ പാട്ട്, പൊറാട്ട് നാടക പാട്ട്, തൊഴിലുറപ്പ് പാട്ട്, ആദ്യകാല ദ്രാവിഡ പാട്ട് തുടങ്ങി 21 വിധത്തിലുള്ള പാട്ടുകളാണ് സ്വാമി ചിട്ടപ്പെടുത്തിയത്.

നെന്മാറ-വല്ലങ്ങി വേല: സുരക്ഷ വിലയിരുത്തി

നെന്മാറ: ഏപ്രിൽ രണ്ടിന് ആഘോഷിക്കുന്ന നെന്മാറ-വല്ലങ്ങി വേലയ്ക്ക് പഴുതടച്ച സുരക്ഷ ഉറപ്പാക്കാൻ പോലീസ് നടപടി തുടങ്ങി. ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് വെടിക്കെട്ട് നടക്കുന്ന സ്ഥലങ്ങളും സമീപപ്രദേശങ്ങളും സന്ദർശിച്ചു. ബാരിക്കേഡുകൾ സ്ഥാപിക്കാൻ ഇരുദേശങ്ങളിലെയും ഭാരവാഹികൾക്ക് നിർദേശം നൽകി.
ആലത്തൂർ ഡിവൈ.എസ്.പി. പ്രവീൺ കുമാർ, നെന്മാറ സി.ഐ. കമറുദ്ദീൻ പള്ളിക്കാട്, എസ്.ഐ. ആനന്ദ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ദേശം ഭാരവാഹികളായ എം. മാധവൻകുട്ടി, കെ. പ്രശാന്ത്, എൻ. സോമൻ, കെ.പി.അരവിന്ദാക്ഷൻ തുടങ്ങിയവർ സംബന്ധിച്ചു.

Advertisement
Advertisement