ബി.ജെ.പിക്ക് വേണ്ടി ഇ.ഡി കൂലിപ്പണി ചെയ്യുന്നു: എം.വി. ഗോവിന്ദൻ

Thursday 28 March 2024 12:36 AM IST

തിരുവനന്തപുരം: ബി.ജെ.പിക്ക് വേണ്ടി ഇ.ഡി കൂലിപ്പണിയാണ് ചെയ്യുന്നതെന്നും രാഷ്ട്രീയ ലാഭത്തിന് മാത്രമല്ല,

കള്ളപ്പണമുണ്ടാക്കാൻ കൂടിയാണ് ഇ.ഡിയെ ബി.ജെ.പി ഉപയോഗിക്കുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇ.ഡി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നടത്തിയ ഗുണ്ടാപ്പിരിവാണ് ഇലക്ടറൽ ബോണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇ.ഡിയുടെ പേരിൽ ബി.ജെ.പി ഭീഷണിപ്പെടുത്തി പണം പിരിക്കുകയാണ്. അതിന് ഉദാഹരണമാണ് കേജ്രിവാളിന്റെ അറസ്റ്റ്. മദ്യവ്യാപാരിയായ ശരത്ചന്ദ്ര റെഡ്ഡിയുടെ മൊഴിയിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അമേരിക്കയും ജർമ്മനിയുമുൾപ്പെടെ ലോകരാജ്യങ്ങൾ പോലും അറസ്റ്റിനെതിരെ രംഗത്തെത്തി. രാജ്യത്തിന് തന്നെ അപമാനമുണ്ടാക്കിയ സംഭവമായി ഇത്. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇലക്ടറൽ ബോണ്ട്. ബോണ്ടിലൂടെ 8251 കോടിയാണ് ബി.ജെ.പിക്ക് ലഭിച്ചത്. കോൺഗ്രസിനും കിട്ടി 1952 കോടി. സാന്റിയാഗോ മാർട്ടിനിൽ നിന്നു വരെ കോൺഗ്രസ് പണം പിരിച്ചു. എന്നിട്ടാണ് ഇപ്പോൾ വണ്ടിക്കൂലിക്ക് പോലും പണമില്ലെന്ന് നേതാക്കൾ പറയുന്നത്. ഈ പണമെല്ലാം എവിടെപ്പോയി?. . ബോണ്ടിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത് സി.പി.എമ്മാണ്.

മാസപ്പടി കേസിലെ അന്വേഷണം അതിന്റെ വഴിക്ക് പോകും. കേരളത്തിലേക്ക് ഇ.ഡി വരുന്നില്ലെന്ന് എപ്പോഴും പറഞ്ഞു നടക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ സമാധാനിപ്പിക്കാൻ വേണ്ടി കൂടിയാണ് ഇ.ഡി വന്നത്. ഇതിലൊന്നും സി.പി.എമ്മോ മുഖ്യമന്ത്രിയോ കുലുങ്ങില്ല. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വിവിധ സംസ്ഥാനങ്ങളിൽ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുമ്പോൾ അതു തങ്ങൾക്കെതിരെ മാത്രമാണെങ്കിൽ പ്രതിഷേധിക്കുക എന്നതാണ് കോൺഗ്രസ് രീതി.

സി.പി.എമ്മിന് ഫണ്ട് എവിടെ നിന്നു ലഭിക്കുന്നുവെന്ന ചോദ്യത്തിന് , സി.പി.എമ്മിന്റെ അക്ഷയപാത്രമാണ് ജനങ്ങൾ എന്നായിരുന്നു ഗോവിന്ദന്റെ മറുപടി. ജനം ഒപ്പമുള്ളിടത്തോളം പാർട്ടിക്ക് ഒരു പ്രശ്നവുമില്ല. ജനങ്ങളുടെ ചെലവിലാണ് സി.പി.എം പ്രവർത്തിക്കുന്നത്. ലോക് സഭാ തിരഞ്ഞെടുപ്പിൽ 20 സീറ്റിലും എൽ.ഡി.എഫ് ജയിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.

Advertisement
Advertisement