അപകടക്കെണിയായി റോഡിലെ മൺകൂനയും സൂചനാബോർഡും

Thursday 28 March 2024 12:37 AM IST
ഇന്നലെ തഴുത്തലയിൽ ബൈക്ക് യാത്രക്കാരൻ അപകടത്തിൽപ്പെടാൻ ഇടയാക്കിയ ബോർഡ്

കൊല്ലം: കൊട്ടിയം -കുണ്ടറ റോഡ് നവീകരണത്തിന്റെ ഭാഗമായി തഴുത്തല ജംഗ്ഷനിലും വൈദ്യശാല ജംഗഷ്‌നിലും റോഡിന്റെ ഇരുഭാഗത്തും ഡ്രൈനേജ് വെള്ളം പോകുന്നതിനായി കുഴിച്ച മണ്ണ് കൂട്ടിയിട്ടിരിക്കുന്നതും ഇതിന്റെ ഭാഗമായി സ്ഥാപിച്ച സൂചനബോർഡും അപകടക്കെണിയാകുന്നു.

12അടിയോളം താഴ്ചയിൽ കുഴിച്ച ഡ്രൈനേജിന്റെ മണ്ണാണ് റോഡിലേക്ക് കൂട്ടിയിട്ടിരിക്കുന്നത്. കേവലം ഒരു ബോർഡ് മാത്രമാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. രാത്രിയിൽ ബോർഡ് തിരിച്ചറിയാനായി ബ്ലിങ്കറുകളോ മതിയായ വെളിച്ചമോ ഒരുക്കിയിട്ടില്ല. സുരക്ഷ സംവിധാനങ്ങൾ ഒരുക്കാത്തതും മൂലം ഇവിടെ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടിരുന്നു. ചൊവാഴ്ച രാത്രി വീട്ടിലേക്ക് ബൈക്കിൽ പോയ യാത്രക്കാരൻ വൈദ്യശാല ജംഗ്ഷനിൽ ഡ്രൈനേജിനായെടുത്ത കുഴിക്ക് സമീപം വച്ചിരുന്ന ബോർഡിൽ തട്ടി റോഡിലേക്ക് തെറിച്ചുവീഴുകയും ഇയാളുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങുകയുമായിരുന്നു.

റോഡിൽ ഇത്തരം കുഴികളുണ്ടെന്ന മുന്നറിയിപ്പ് സംവിധാനങ്ങളോ സുരക്ഷ ജീവനക്കാരെയോ നിയമിച്ചിരുന്നെങ്കിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകില്ലായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. ബൈക്ക് യാത്രക്കാരൻ മരിച്ചതിനെ തുടർന്ന് അപകടത്തിനിടയാക്കിയ ബോർഡ് എടുത്ത് മാറ്റി കുഴി മൂടാനെത്തിയ അധികൃതരെ നാട്ടുകാർ തടഞ്ഞു. നിരവധിയാത്രക്കാരാണ് രാത്രിയിൽ ഈ ഭാഗത്ത് അപകടത്തിൽപ്പെടുന്നത്. എത്രയും വേഗം ഡ്രൈനേജ് ജോലികൾ പൂർത്തിയാക്കി റോഡിലെ അപകടക്കെണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.

Advertisement
Advertisement