സൗദിയിൽ നിന്ന് ആ ബ്രീഡിലുള്ള 250 ആടുകളെ വാങ്ങി ഇന്ത്യയിലെത്തിക്കാൻ ശ്രമിച്ചു, പക്ഷേ; വെളിപ്പെടുത്തലുമായി പൃഥ്വിരാജ്‌

Thursday 28 March 2024 2:44 PM IST

ബ്ലെസിയുടെ ആടുജീവിതം തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. പൃഥ്വിരാജിന്റെ അഭിനയത്തെക്കുറിച്ചും, ബ്ലെസിയുടെ സംവിധാനത്തെപ്പറ്റിയുമൊക്കെ ഗംഭീര അഭിപ്രായങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് വരുന്നത്. ഇതിനിടയിൽ സിനിമയുടെ ഷൂട്ടിംഗിനിടെയുണ്ടായ അനുഭവങ്ങൾ കൗമുദി മൂവീസിലൂടെ പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്.

''നമുക്കിതെന്തുകൊണ്ട് ഇന്ത്യയിൽ ഷൂട്ട് ചെയ്തൂടാ എന്ന് ഞങ്ങൾ ചിന്തിച്ചിരുന്നു. പിന്നെ ബ്ലെസി ചേട്ടൻ ഈ സിനിമയെപ്പറ്റി എപ്പോഴും സ്വപ്നം കണ്ടിരുന്നത് ഇതൊരു റിയൽ ഓർഗാനിക്കായി ഷൂട്ട് ചെയ്യണമെന്നാണ്. റിയൽ ലൊക്കേഷനിൽ പോയി എലമെന്റ്സും ആക്‌ടേഴ്സും ആനിമെൽസുമെല്ലാം ലൈവായി ഇൻട്രാക്ട് ചെയ്യേണ്ട സിനിമയായിട്ട് തന്നെയാണ് ബ്ലെസി ചേട്ടൻ സ്വപ്നം കണ്ടത്. അതിൽ കോംപ്രമൈസ് ചെയ്യാൻ ബ്ലെസി ചേട്ടൻ തയ്യാറായില്ല. അതിന്റെ ഗുണം സിനിമയ്ക്ക് കിട്ടിയിട്ടുണ്ടെന്ന് തന്നെയാണ് ഞാൻ കരുതുന്നത്.

ഇന്ത്യയിൽ ഷൂട്ട് ചെയ്യുന്ന കാര്യം, കേരളത്തിലെ ഷെഡ്യൂൾ കഴിഞ്ഞപ്പോൾ മരുഭൂമിയിലെ പ്രധാനപ്പെട്ടൊരു ലൊക്കേഷൻ ജയ്‌സാൽമീറിലാണ് സെറ്റിടാൻ തീരുമാനിച്ചത്. അന്ന് സുനിലായിരുന്നു ആർട്ട് ഡയറക്ടർ. സുനിലും ടീമും കൂടി രാജസ്ഥാനിൽ പോയി പ്രാരംഭഘട്ട സർവേയും കാര്യങ്ങളുമൊക്കെ ചെയ്ത് കാര്യങ്ങൾ നീക്കിത്തുടങ്ങിയിരുന്നു.

അന്നുണ്ടായിരുന്ന വലിയ ചലഞ്ച്, ഈ ആടുകളുടെ ബ്രീഡും ഒട്ടകവും ഇന്ത്യയിലില്ല. സൗദിയിൽ നിന്ന് പത്തിരുന്നൂറ്റി അമ്പത് ആടുകളെയും ഒട്ടകങ്ങളെയും വാങ്ങിച്ച് കണ്ടെയിനറിൽ ഇന്ത്യയിൽ കൊണ്ടുവന്ന് ഷൂട്ടിംഗിന് ശേഷം തിരിച്ച് കൊണ്ടുപോകാമെന്നൊക്കെയായിരുന്നു കരുതിയത്. ഇതിനായി ഒരുപാട് കാര്യങ്ങൾ നീക്കി. എന്നാൽ ഇന്ത്യയിലെ ആനിമൽ ഹസ്ബന്ററി ഡിപ്പാർട്ട്‌മെന്റിന്റെ ഭാഗത്തുനിന്ന് ഈ ലൈഫ് സ്റ്റോക്കുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങളുണ്ട്. ക്ലിയറൻസ് കിട്ടിയില്ല. അന്നും ബ്ലെസി ചേട്ടന്റെ ഭാഗത്തുനിന്ന് എന്നാൽപ്പിന്നെ ഇവിടത്തെ ആടുകൾ മതിയെന്ന ചിന്തയുണ്ടായിട്ടില്ല.'- പൃഥ്വിരാജ് പറഞ്ഞു.

Advertisement
Advertisement