കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചൂടുള്ള ജില്ല പാലക്കാടല്ല, 'ഒന്നാം സ്ഥാനം' മറ്റൊരു ജില്ല കൊണ്ടുപോയി

Thursday 28 March 2024 7:17 PM IST

തിരുവനന്തപുരം: കൊടും ചൂടില്‍ പൊള്ളുകയാണ് കേരളം. ഫെബ്രുവരി മാസത്തില്‍ ആരംഭിച്ച വേനല്‍ കാലാവസ്ഥ കൊടുംപിരി കൊള്ളുകയാണ് ഏപ്രില്‍ അടുത്തതോടെ. പതിവിലും രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ചൂട് കൂടിയിട്ടുണ്ട്. സംസ്ഥാനത്ത് ചൂട് അതികഠിനമായി തുടരുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്നത്.

ഞായറാഴ്ച വരെ ഉയര്‍ന്ന താപനില തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. മദ്ധ്യകേരളത്തില്‍ പലയിടത്തും ചൂട് 40 ഡിഗ്രി സെല്‍ഷ്യസ് കടന്നിട്ടുണ്ട്. താപനിലയുടെ കാര്യത്തില്‍ പാലക്കാടാണ് എല്ലാ വര്‍ഷവും കേരളത്തില്‍ മുന്നിലുള്ളത്. എന്നാല്‍ ഇക്കൊല്ലം പാലക്കാടിനെക്കാള്‍ കൂടുതല്‍ ചൂട് മറ്റൊരു ജില്ലയിലാണ് അനുഭവപ്പെടുന്നത്.

സംസ്ഥാനത്ത് ബുധനാഴ്ചയും കൂടുതല്‍ ചൂട് അനുഭവപ്പെട്ടത് തൃശൂര്‍ ജില്ലയിലാണ്. 40 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ചൂട് അനുവഭപ്പെടുമെന്നും ജില്ലയില്‍ വരും ദിവസങ്ങളില്‍ താപനില ഇനിയും ഉയരുമെന്നുമാണ് പ്രവചനം. കൊല്ലത്തും പാലക്കാടും ചൂട് 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനും സാദ്ധ്യതയുണ്ട്.

മാര്‍ച്ച് 31 വരെ സംസ്ഥാനത്ത് മലയോരമേഖലകള്‍ ഒഴികെയുള്ളിടത്ത് ചൂടുള്ള കാലാവസ്ഥ തുടരുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ ചൂട് 38 ഡിഗ്രി സെല്‍ഷ്യസ് ആയി ഉയര്‍ന്നു. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് മുന്നറിയിപ്പ്.

അതേസമയം വേനല്‍ കടുത്ത നില തുടരുന്നുണ്ടെങ്കിലും ചില ജില്ലകളില്‍ മഴ പെയ്യാന്‍ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ ഗവേഷണ കേന്ദ്രം അറിയിക്കുന്നു.