അങ്കത്തട്ടിൽ ആവേശത്തോടെ സ്ഥാനാർത്ഥികൾ

Friday 29 March 2024 12:02 AM IST
വടകര മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ.ശൈലജയ്ക്ക് കടിയങ്ങാട് നൽകിയ സ്വീകണം

കോഴിക്കോട്: അങ്കത്തട്ടിൽ ആവേശത്തോടെ മുന്നണി സ്ഥാനാർത്ഥികൾ. ഇഞ്ചോടിച്ചു പോരാട്ടം നടക്കുന്ന വടകരയിൽ ചൂടേറിയ പ്രചാരണവുമായി മുന്നണികൾ മുന്നേറുമ്പോൾ താഴെ തട്ടുമുതൽ വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് കോഴിക്കോട്ടെ സ്ഥാനാർത്ഥികൾ. പത്മശ്രീ മീനാക്ഷി ഗുരുക്കളുടെ പക്കൽ നിന്ന് കളരി അടവുകൾ പഠിച്ചാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ പ്രചാരണത്തിനിറങ്ങിയത്. കളരിവിളക്ക് തെളിച്ച് കച്ചമുറുക്കി. പാദങ്ങൾ തറയിലൂന്നി ഇരുവരും വാളും പരിചയവും കൈയിലെടുത്തു. ഇന്നലെ രാവിലെയാണ് വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ കരിമ്പനപ്പാലത്തെ കടത്തനാടൻ കളരിയിലെത്തിയത്. ശേഷം പുതുപ്പണത്തെ മുഹമ്മദ് ഗുരുക്കളുടെ കളരിയും സ്ഥാനാർത്ഥി സന്ദർശിച്ചു.

തുടർന്ന് വടകരയിലെ ആതുരാലയങ്ങളിലും വിവിധ സ്ഥാപനങ്ങളിലും ആയിരുന്നു യു.ഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ വ്യാഴാഴ്ചത്തെ സന്ദർശനം. പെസഹാ ദിനത്തിൽ രാവിലെ വടകര സെന്റ് ആന്റണീസ് ചർച്ച് സന്ദർശിച്ചു. പുതിയാപ്പ് ഐ.പി.എം സ്‌പോർട്സ് അക്കാഡമിയിലെത്തി.

പുതുപ്പണത്തെ ഗവ. ആയുർവേദ ആശുപത്രി സന്ദർശിച്ചു. ‌കച്ചവട സ്ഥാപനങ്ങൾ, വടകര മർച്ചന്റ് അസോസിയേഷൻ സിഎം, ആശ, പാർക്കോ ഇഖ്ര തുടങ്ങിയിടത്തെല്ലാം സന്ദർശിച്ച് വോട്ടഭ്യർത്ഥിച്ചു.

എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയുടെ വിജയത്തിനായി എൽ.ഡി.എഫ് യുവജന സംഘടനകളുടെ നേതൃത്വത്തിൽ മഹാറാലി നടത്തി. പഴയ ബസ് സ്റ്റാൻഡ് അഞ്ച് വിളക്ക് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മഹാറാലിയിൽ നിരവധി യുവാക്കൾ അണിനിരന്നു. പേരാമ്പ്ര മണ്ഡലത്തിലായിരുന്നു ഇന്നലെ സ്ഥാനാർത്ഥിയുടെ പര്യടനം. മുതുകാട്, ചക്കിട്ടപ്പാറ, പന്തിരിക്കര, പാലേരി, ചെറുവണ്ണൂർ, ആവള തുടങ്ങി മണ്ഡലത്തിലെ വിവിധയിടങ്ങളിൽ പ്രചാരണം നടത്തി. എൻ.ഡി.എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണൻ കണ്ണൂരിലെ കൂത്തുപറമ്പ് തലശ്ശേരി മണ്ഡലങ്ങളിലായിരുന്നു.

കോഴിക്കോട് എൽ.ഡി.എഫ് സ്ഥാനാർത്ഥി എളമരംകരീം ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ പ്രചാരണം നടത്തി. രണ്ടു തവണ എം.എൽ.എയും വ്യവസായ മന്ത്രിയുമായി മണ്ഡലത്തിൽ നിറഞ്ഞു നിന്ന എളമരം കരീമിന് ബേപ്പൂരിന്റെ മണ്ണിൽ ആവേശ സ്വീകരണം നൽകി.
അരക്കിണർ ചാക്കേരിക്കാടി, കല്ലിങ്ങൽ എന്നിവിടങ്ങളിൽ പ്രചാരണം നടത്തി. നടുവട്ടം തട്ടാടത്ത് കാവ് സ്‌കൂളിന് സമീപവും തോണിച്ചിറയിലും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് പ്രചാരണത്തിൽ പങ്കെടുത്തു. നല്ലളം മോഡേൺ ബസാർ, റഹ്മാൻ ബസാർ, ചെറുവണ്ണൂർ കൊല്ലേരിത്താഴം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം രാമനാട്ടുകര നഗരസഭയിലെ ചുള്ളിപ്പറമ്പിലെത്തി. കടലുണ്ടി പഞ്ചായത്തിലെ മണ്ണൂരിലെ സിപെക്സ് ഓഡിറ്റോറിയത്തിൽ നിന്ന് ചാലിയം ലൈറ്റ് ഹൗസിൽ എത്തിയാണ് പര്യടനം സമാപിച്ചത്. യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. രാഘവൻ കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ പര്യടനം നടത്തി. രാവിലെ‌ ചേവായൂർ പ്രസന്റേഷൻ കോൺവെന്റ് സന്ദർശിച്ചാണ് എം.കെ രാഘവന്റെ പര്യടനത്തിന് തുടക്കമായത്. പന്നിയങ്കരയിലെ കുടുംബയോഗത്തിൽ സ്ഥാനാർത്ഥിയെത്തി. ചക്കുംകടവ്, ചാമുണ്ഡി വളവ്, കിഡ്സ് ലാന്റ് നഴ്സറി, വെസ്റ്റ് കണ്ണഞ്ചേരി പള്ളിക്കണ്ടി, പയ്യാനക്കൽ, പരപ്പിൽ, കിണാശ്ശേരി മമ്മി ഹാജി വീട്, മർഹബ നോർത്ത് പള്ളി, മങ്കാവ് കാളൂർ റോഡ്, കുളം പടന്ന, മായിൻ ബസാർ എന്നീ കുടുംബയോഗങ്ങളിൽ സ്ഥാനാർത്ഥിയെത്തി.

ചാലപ്പുറം പൊന്നാടും, പുതിയറ കാളൂരിലും, കോട്ടൂളിയിലും മൈലമ്പാടിയിലും, കോവൂർ മേഖലയിലെ ഉമ്മളത്തൂർ, കാട്ടുകുളങ്ങര എന്നീ കുടുംബയോഗങ്ങളിലായിരുന്നു പര്യടനം. തുടർന്ന് ഇഫ്താറിന് ശേഷം കുറ്റിച്ചിറ പുത്തൻ വീട്, പൂവളപ്പ് എന്നിവിടങ്ങളിലെ കുടുംബസംഗമങ്ങളിൽ പങ്കെടുത്തു. കുറ്റിച്ചിറയിലെ സ്ഥാപനങ്ങളിലും വീടുകളിലും സ്ഥാനാർത്ഥി സന്ദർശനം നടത്തി.

എൻ.ഡി.എ സ്ഥാനാർത്ഥി എം.ടി. രമേശ് കോഴിക്കോട് നോർത്ത് നിയമസഭാമണ്ഡലത്തിൽ പ്രചാരണം നടത്തി. പറമ്പിൽ ബസാർ, കാക്കൂർ, നന്മണ്ട എന്നിവിടങ്ങളിൽ പ്രചാരണം നടത്തി.

Advertisement
Advertisement