റിയാസ് മൗലവി കൊലക്കേസ്; പ്രതികളായ മൂന്ന് ആർഎസ്എസ് പ്രവർത്തകരെയും വെറുതെവിട്ടു, വിധി വേദനിപ്പിക്കുന്നെന്ന് ആക്ഷൻ കമ്മിറ്റി

Saturday 30 March 2024 11:23 AM IST

കാസർകോട്: പ്രമാദമായ റിയാസ് മൗലവി കൊലക്കേസിൽ ആർഎസ്എസ് പ്രവർത്തകരായ മൂന്ന് പ്രതികളെയും കോടതി വെറുതെവിട്ടു. അജേഷ്, നിതിൻ കുമാർ, അഖിലേഷ് എന്നിവരെയാണ് വെറുതെവിട്ടത്. കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. 2017 മാർച്ച് 20ന് ആണ് മദ്രസാ അദ്ധ്യാപകനായ റിയാസ് മൗലവി കൊല്ലപ്പെട്ടത്. കേസിലെ ഗൂഢാലോചന പുറത്തുവരണം, വിധിയിൽ അപ്പീൽ പോകണമോ എന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും ആക്ഷൻ കമ്മിറ്റി വ്യക്തമാക്കി.

കോടതി വിധി നിരാശജനകാണെന്ന് പ്രോസിക്യൂഷനും പ്രതികരിച്ചു. വിധി കേട്ടയുടൻ റിയാസ് മൗലവിയുടെ ഭാര്യ പൊട്ടിക്കരഞ്ഞു. ബന്ധുക്കൾക്കിടെയിലും സുഹൃത്തുക്കൾക്കിടെയിലും വിധി വേദനയുണ്ടാക്കി. കാസർകോട് ചൂരി പള്ളിയുടെ ഉള്ളിൽ വച്ചാണ് റിയാസ് മൗലവി കൊല ചെയ്യപ്പെടുന്നത്. തുടർന്ന് കാസർകോട് സ്വദേശികളായ അജേഷ് എന്ന അപ്പു, നിതിൻ കുമാർ, അഖിലേഷ് എന്നിവരെ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അറസ്റ്റ് ചെയ്തിരുന്നു.

കേസിൽ അറസ്റ്റിലായത് മുതൽ പ്രതികൾ ജയിലിൽ തന്നെയാണ്. സംഭവം നടന്ന് 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചത് കൊണ്ടാണ് പ്രതികൾക്ക് ജാമ്യം ലഭിക്കാതെ പോയത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 97 സാക്ഷികളെയാണ് വിസ്തരിച്ചത്. ഒന്നു മുതൽ നാലു വരെയുള്ള പ്രധാന സാക്ഷികൾക്ക് പുറമേ ബി.എസ്.എൻ.എൽ, എയർടെൽ, ഐഡിയ കമ്പനികളുടെ പ്രതിനിധികൾ, കേസ് അന്വേഷണത്തിന് മേൽനോട്ടം വഹിച്ച മുൻ ക്രൈംബ്രാഞ്ച് എസ്.പിയും ഇപ്പോൾ കൊച്ചി മേഖലാ ഡി.ഐ.ജിയുമായ ഡോ. ശ്രീനിവാസൻ, അന്വേഷണ ഉദ്യോഗസ്ഥനായ ഇപ്പോഴത്തെ കാസർകോട് ഡിവൈഎസ്പി പികെ സുധാകരൻ, മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയ പരിയാരം മെഡിക്കൽ കോളജിലെ പൊലീസ് സർജൻ ഡോ. ഗോപാലകൃഷ്ണൻ തുടങ്ങി 97 പേരെയാണ് വിസ്തരിച്ചത്.

പ്രതിഭാഗം ഒരു സാക്ഷിയെ ഹാജരാക്കിയിരുന്നു. സമീപത്തെ ക്ഷേത്രത്തിലെ ഓഫീസ് സെക്രട്ടറിയെയാണ് പ്രതിഭാഗം വിസ്തരിച്ചത്. സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. അശോകൻ, അഡ്വ. ഷൈജിത്, അഡ്വ. ഹാറൂൺ എന്നിവരാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. പ്രതിഭാഗത്തിന് വേണ്ടി തലശേരി ബാറിലെ ക്രിമിനൽ അഭിഭാഷകൻ അഡ്വ. സുനിൽ കുമാറാണ് ഹാജരായത്.

Advertisement
Advertisement