മതചിഹ്നങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നു; സുരേഷ് ഗോപിക്കെതിരെ എൽ ഡി എഫിന്റെ പരാതി

Saturday 30 March 2024 3:20 PM IST

തൃശൂർ: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കാണിച്ച് തൃശൂർ മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കെതിരെ പരാതിയുമായി എൽ ഡി എഫ്. മതചിഹ്നങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നെന്നാണ് ആരോപണം. പരാതിയിൽ സുരേഷ് ഗോപിയോട് തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി. ജില്ലയിലെ മുഖ്യ വരണാധികാരി കൂടിയായ ജില്ലാ കളക്ടറാണ് വിശദീകരണം തേടീയത്.

സി പി ഐ ജില്ലാ സെക്രട്ടറിയും എൽ ഡി എഫ് തൃശൂർ പാർലമെന്റ് മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷററുമായ കെ കെ വത്സരാജാണ് സുരേഷ് ഗോപിക്കെതിരെ പരാതി നൽകിയത്. ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പരാതി നൽകിയത്.

സ്ഥാനാർത്ഥിയുടെ അഭ്യർത്ഥനയിൽ അവശ്യം വേണ്ട പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് സംബന്ധിച്ച വിശദാംശങ്ങൾ ഇല്ല എന്നതാണ് പരാതിയിൽ പറയുന്ന പ്രധാന കാരണം. സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ വ്യാപകമായി മതചിഹ്നങ്ങളും ഉപയോഗിക്കുന്നുണ്ടെന്നും മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നുമാണ് ആരോപണം.