'മത്സരിക്കാൻ കോൺഗ്രസിന്റെ കയ്യിൽ നയാപൈസയില്ല'; പാവപ്പെട്ടവന്റെ 50ഉം 100ഉം കൊണ്ട് തിരഞ്ഞെടുപ്പ് നടത്തുമെന്ന് വി ഡി സതീശൻ

Saturday 30 March 2024 4:36 PM IST

കോട്ടയം: പണം കൊണ്ട് കോൺഗ്രസിനെ തോൽപ്പിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാഹുൽ ഗാന്ധി പറഞ്ഞതുപോലെ കോൺഗ്രസിന് മത്സരിക്കാൻ പണമില്ല. പക്ഷേ ജനങ്ങൾ തരും. പാവപ്പെട്ടവന്റെ 50 രൂപയും നൂറ് രൂപയുംകൊണ്ട് തിര‌ഞ്ഞെടുപ്പ് നടത്തുമെന്നും വി ഡി സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

'ലോക്‌സഭാ തിര‌ഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിക്കുന്നത് ചിഹ്നം പോവാതിരിക്കാനല്ല, മറിച്ച് ബിജെപി സർക്കാരിനെ താഴെയിറക്കി ഫാസിസത്തെ ചെറുത്ത് തോൽപ്പിക്കാനാണ്. സിഎഎയെ കോൺഗ്രസ് എതിർത്തില്ല എന്നത് മുഖ്യമന്ത്രിയുടെ വ്യാജപ്രചരണമാണ്. രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ അതിനെതിരെ സംസാരിച്ചതിന് തെളിവുണ്ടല്ലോ.

മുഖ്യപ്രതിപക്ഷ കക്ഷിയെ പ്രവർത്തിപ്പിക്കാതിരിക്കാൻ ഒരു ഭരണകൂടം എന്തൊക്കെ ചെയ്യുന്നു എന്നതിന് തെളിവാണ് ഇഡി അന്വേഷണവും ആദായനികുതി റെയ്‌ഡും. ഫാസിസത്തിന്റെ ഏറ്റവും ക്രൂരമായ മുഖമാണിത്'- വി ഡി സതീശൻ വിമർശിച്ചു.