കാസ്പ് പദ്ധതിക്ക് 100കോടി കൂടി അനുവദിച്ചു കുടിശിക 805കോടിരൂപ

Sunday 31 March 2024 12:00 AM IST

തിരുവനന്തപുരം:കേന്ദ്ര-സംസ്ഥാനസർക്കാരുടെ സംയുക്ത ആരോഗ്യചികിത്സാ സഹായപദ്ധതിയായ കാരുണ്യക്ക് (കാസ്പ്) 100കോടികൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. അതോടെ രണ്ടാം പിണറായി സർക്കാർ അനുവദിച്ച തുക 2795കോടിയായി. ഇനിയും 805കോടിരൂപ കുടിശികയുണ്ട്.

പാവപ്പെട്ട കുടുംബങ്ങളിലുള്ളവർക്ക് വർഷത്തിൽ 5ലക്ഷം രൂപയുടെ ആശുപത്രി ചികിത്സ നൽകുന്ന പദ്ധതിയാണിത്. 60% കേന്ദ്രം വഹിക്കും. ബാക്കി സംസ്ഥാനവും. കേന്ദ്രപട്ടികയനുസരിച്ച് 23.9ലക്ഷം കുടുംബങ്ങൾക്കാണ് അർഹത.ഇതിനൊപ്പം 19ലക്ഷം കുടുംബങ്ങളെക്കൂടി ഉൾപ്പെടുത്തി 41.96ലക്ഷം കുടുംബങ്ങൾക്കാണ് സംസ്ഥാനത്ത് പദ്ധതിയുടെ പ്രയോജനം കിട്ടുന്നത്. കേന്ദ്രസർക്കാർ 151കോടിയും സംസ്ഥാനം 1200കോടിയുമാണ് ഒരുവർഷം നൽകേണ്ടത്.കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സംസ്ഥാനത്ത് 15.93ലക്ഷം പേരാണ് ഇതനുസരിച്ച് ചികിത്സ നേടിയത്.ഇതിനായി 4015കോടി രൂപ ചെലവായി.സർക്കാർ ആശുപത്രിയും എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളും ഉൾപ്പെടെ 600ഒാളം ആശുപത്രികളിൽ കാസ്പ് പ്രകാരം ചികിത്സ കിട്ടുന്നുണ്ട്.

Advertisement
Advertisement