കേരളകൗമുദി വാർത്തയിൽ പിണറായിയുടെ ഇടപെടൽ, മെഡിക്കൽ, എൻജിനിയറിംഗ് സംവരണ അട്ടിമറി നീക്കം തടഞ്ഞു

Sunday 31 March 2024 4:25 AM IST

# ഫ്ളോട്ടിംഗ് സംവരണരീതി തുടരും

തിരുവനന്തപുരം: സംസ്ഥാന മെഡിക്കൽ, എൻജിനിയറിംഗ് പ്രവേശനത്തിലെ സംവരണം കോളേജ് തലത്തിൽ ഒതുക്കാനും അതുവഴി മെരിറ്റ്, സംവരണ സീറ്റുകളിൽ പിന്നാക്ക വിഭാഗ വിദ്യാർത്ഥികളുടെ അവസരങ്ങൾ അട്ടിമറിക്കാനുമുള്ള ഉന്നത ഉദ്യോഗസ്ഥ ലോബിയുടെ നീക്കം പൊളിഞ്ഞു. ഇത്രയും കാലം തുടർന്നുവന്ന ഫ്ളോട്ടിംഗ് സംവരണ രീതി തുടരാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.

അട്ടിമറി ചൂണ്ടിക്കാട്ടി കേരളകൗമുദി പ്രസിദ്ധീകരിച്ച റിപ്പോർട്ടും മുഖപ്രസംഗവും ശ്രദ്ധയിൽപ്പെട്ടതോടെയാണ് മുഖ്യമന്ത്രി ഇടപെട്ടത്. പഴയ മാനദണ്ഡം തുടരുമെന്ന് വ്യക്തമാക്കി ഈ വർഷത്തെ പ്രവേശനത്തിനുള്ള പ്രോസ്‌പെക്ടസ് എൻട്രൻസ് കമ്മിഷണർ ഇറക്കി.

സംവരണത്തിലും സ്റ്റേറ്റ് മെരിറ്റിലും യോഗ്യത നേടിയാൽ മെരിറ്റ് സീറ്റ് ലഭിക്കുന്ന കോളേജിലേക്ക് മാറാനും, സംവരണ സീറ്റ് അർഹതയുള്ള മറ്റൊരാൾക്ക് ലഭിക്കാനുമുള്ള സൗകര്യമാണ് ഫ്ളോട്ടിംഗ് സംവരണം. സർക്കാർ എൻജിനിയറിംഗ് കോളേജുകളിൽ വരുന്ന അദ്ധ്യയന വർഷം മുതൽ ഫ്ളോട്ടിംഗ് സംവരണത്തിന് പകരം സ്ഥാപനതല സംവരണം നടപ്പാക്കണമെന്നും ഇതിനായി പ്രോസ്‌പെക്ടസ് ഭേഗഗതി ചെയ്യണമെന്നും നിർദ്ദേശിച്ച് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയി എൻട്രൻസ് കമ്മിഷണർക്ക് കത്ത് നൽകിയതാണ് വിവാദമായത്. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാ‌ർശ പ്രകാരമാണെന്നും കത്തിൽ പറഞ്ഞിരുന്നു. മെഡിക്കൽ പ്രവേശനത്തിനും ഇതേ സംവരണ രീതിയാണ് ബാധകം. മന്ത്രി ആർ. ബിന്ദുവിനെ തെറ്റിദ്ധരിപ്പിച്ചാണ് ഉദ്യോഗസ്ഥ ലോബി കത്തിന് അനുമതി വാങ്ങിയത്. കത്ത് ലഭിച്ച എൻട്രൻസ് കമ്മിഷണർ പ്രോസ്പെക്ടസ് ഭേദഗതി ചെയ്യുന്നതിന് സർക്കാർ ഉത്തരവ് തേടുകയും ചെയ്തു.

പുതിയ രീതി നടപ്പാക്കിയാൽ, പിന്നാക്ക-മുസ്ലിം വിഭാഗങ്ങൾ നേരിടേണ്ടിവരുന്ന സംവരണ നഷ്ടം

കണക്കുകൾ സഹിതം മാർച്ച് 10ന് കേരളകൗമുദി റിപ്പോർട്ടു ചെയ്തതോടെ വ്യാപക പ്രതിഷേധം ഉയർന്നു. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ സർക്കാരിന്റെ ഇടുട്ടടിയായി വ്യാഖ്യാനിക്കപ്പെട്ടു. മുഖ്യമന്ത്രി സംവരണ അട്ടിമറി നീക്കം തടയണമെന്ന് കേരളകൗമുദി പിറ്റേ ദിവസത്തെ മുഖ പ്രസംഗത്തിൽ ആവശ്യപ്പെട്ടു.

നഷ്ടപ്പെടുമായിരുന്നത്

800 സംവരണ സീറ്റ്

സംവരണ വിഭാഗങ്ങൾക്കു ലഭിക്കുന്ന എണ്ണൂറോളം സീറ്റാണ് അട്ടിമറി നടപ്പായാൽ നഷ്ടപ്പെടുമായിരുന്നത്. ഇതിൽ എഴുന്നൂറിലേറെ സീറ്റ് പിന്നാക്ക-മുസ്ലിം വിഭാഗങ്ങൾക്കും ബാക്കി മുന്നാക്ക സംവരണക്കാർക്കും ലഭിക്കേണ്ടതാണ്. കഴിഞ്ഞ തവണ സർക്കാർ മെഡിക്കൽ,എൻജിനിയറിംഗ് കോളേജുകളിൽ 746 പേർക്ക് പ്രവേശനം കിട്ടിയിരുന്നു.

സർക്കാരിന്റെ മറിച്ചുള്ള ഉത്തരവ് ലഭിക്കാത്തതിനാൽ ഫ്ളോട്ടിംഗ് സംവരണ രീതിയിൽ മാറ്റം വരുത്തിയിട്ടില്ല

- കെ.സുധീർ

എൻട്രൻസ് കമ്മിഷണർ

Advertisement
Advertisement