ഐപിഎല്‍: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് വിജയം

Sunday 31 March 2024 7:13 PM IST
ഫോട്ടോ: facebook.com/GujaratTitansIPL

അഹമ്മദാബാദ്: ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് വീണ്ടും വിജയവഴിയില്‍. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം ഏഴ് വിക്കറ്റും അഞ്ച് പന്തുകളും ബാക്കി നില്‍ക്കെ ടൈറ്റന്‍സ് മറികടന്നു. സ്‌കോര്‍ സണ്‍റൈസേഴ്‌സ് 20 ഓവറില്‍ എട്ട് വിക്കറ്റിന് 162, ഗുജറാത്ത് ടൈറ്റന്‍സ് 19.1 ഓവറില്‍ മൂന്നിന് 168.

വിജയലക്ഷ്യം പിന്തുടര്‍ന്ന ടൈറ്റന്‍സിന് വേണ്ടി വൃദ്ധിമാന്‍ സാഹ 25(13), ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 36(28), സായ് സുദര്‍ശന്‍ 45(36), ഡേവിഡ് മില്ലര്‍ 44*(27), വിജയ് ശങ്കര്‍ 14*(11) എന്നിവര്‍ ബാറ്റിംഗില്‍ തിളങ്ങി. ഹൈദരാബാദിന് വേണ്ടി ഷാബാസ് അഹ്മദ്, മായങ്ക് മാര്‍ക്കണ്ടേ, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സിനെ അച്ചടക്കമുള്ള ബൗളിംഗ്, ഫീല്‍ഡിംഗ് മികവിലൂടെ ടൈറ്റന്‍സ് വരിഞ്ഞുമുറുക്കി. മോഹിത് ശര്‍മ്മ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നൂര്‍ അഹ്മദ്, റാഷിദ് ഖാന്‍, ഉമേഷ് യാദവ്, അസ്മത്തുള്ള ഒമര്‍സായ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ബാറ്റിംഗില്‍ വമ്പനടിക്കാരുടെ നിരയുണ്ടായിരുന്നെങ്കിലും ഹൈദരാബാദിലെ ഒരാള്‍ക്ക് പോലും വലിയ ഇന്നിംഗ്‌സ് കളിക്കാന്‍ കഴിഞ്ഞില്ല. 29 റണ്‍സ് വീതം നേടി അഭിഷേഖ് ശര്‍മ്മ, അബ്ദുള്‍ സമദ് എന്നിവരാണ് ടോപ്‌സ്‌കോറര്‍മാര്‍. ട്രാവിസ് ഹെഡ് 19(14), ക്ലാസന്‍ 24(13) എന്നിവര്‍ പെട്ടെന്ന് മടങ്ങി.