മിനി കൂപ്പർ ലേലം വീണ്ടും ത്രിശങ്കുവിൽ

Monday 01 April 2024 12:00 AM IST

കൊച്ചി: കൊച്ചി കസ്റ്റംസിന്റെ മിനി കൂപ്പർ ലേലം വീണ്ടും അനിശ്ചിതത്വത്തിലായി. മാർച്ച് രണ്ടാം വാരം നിശ്ചയിച്ചിരുന്ന ലേലം ഏപ്രിൽ എട്ടിലേക്ക് മാറ്റിയെങ്കിലും അന്നും വി​ല്പന മുടങ്ങുമെന്നാണ് വി​വരം. വാഹന നിയമമാണ് പ്രശ്നം.

പെട്രോൾ ടാങ്കിൽ ഏഴ് കിലോ സ്വർണം ഒളിപ്പിച്ച് കൊച്ചി തുറമുഖം വഴി കടത്താൻ ശ്രമിച്ചതിന് പിടിയിലായ വണ്ടിയാണ്.

ഈ ചുവന്ന 2013 മോഡൽ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് കാർ 2018 മുതൽ ലേലം ചെയ്യാൻ കസ്റ്റംസ് ശ്രമി​ക്കുകയാണ്. ഹൈക്കോടതി​ ഇടപെടലി​നെ തുടർന്നാണ് മാർച്ചി​ലെ ലേലത്തി​ൽ ഉൾപ്പെടുത്തി​യത്.

ആഡംബര കാർ എട്ട് ലക്ഷത്തിന് വില്പനയ്‌ക്ക് വച്ചിരിക്കുന്നതായുള്ള വാർത്തയെ തുടർന്ന് വില്ലിംഗ്ടൺ ഐലൻഡിലെ കസ്റ്റംസ് യാർഡിലേക്ക് കൂപ്പർ മോഹികളുടെ പ്രവാഹമായിരുന്നു.

www.mstcecommerce.com എന്ന കേന്ദ്രസർക്കാർ പോർട്ടലി​ലൂടെയാണ് ഇ-ലേലം. ലേലത്തി​ന് രജി​സ്റ്റർ ചെയ്യാൻ ആറായി​രം രൂപയോളം ചെലവുവരും. അടി​സ്ഥാനവി​ല കസ്റ്റംസ് പുറത്തുവി​ട്ടി​ട്ടി​ല്ല. ഏതോ കുബുദ്ധി​കളാണ് എട്ട് ലക്ഷം എന്ന് പ്രചരി​പ്പി​ച്ചത്. ഡി.ആർ.ഐ കണ്ടുകെട്ടിയ രണ്ട് മാരുതി സ്വിഫ്റ്റ് കാറുകളും തുറമുഖത്ത് നിന്ന് ക്ളിയർ ചെയ്യാത്ത ബാഗേജുകളും ലേലം ചെയ്യുന്നുണ്ട്.

ലെഫ്‌റ്റ്ഹാൻഡ് കുരുക്ക്

കാറിന് ആർ.സി​.ബുക്കും മറ്റ് പേപ്പറുകളുമി​ല്ല. ലേലം കൊള്ളുന്നവർക്ക് ചേസി​സ്, എൻജി​ൻ നമ്പറുകൾ രേഖപ്പെടുത്തി​ കസ്റ്റംസ് നൽകുന്ന ഡെലി​വറി​ നോട്ടാണ് അടി​സ്ഥാനരേഖ. ഇത് ഉപയോഗി​ച്ച് നി​കുതി​ അടച്ച് പുതി​യ രജി​സ്ട്രേഷൻ എടുക്കാം. എന്നാൽ, ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് വാഹനങ്ങളുടെ രജിസ്ട്രേഷന് തടസമുള്ളതിനാൽ കൂപ്പറിന്റെ കാര്യത്തിൽ വിശദീകരണം തേടി മോട്ടോർ വാഹനവകുപ്പുമായി കസ്റ്റംസ് എഴുത്തുകുത്തുകൾ നടത്തുന്നുണ്ട്. ഇതിലൊരു തീരുമാനമാകാത്തതാണ് ലേലത്തിൽ നിന്ന് കൂപ്പറിനെ ഒഴിവാക്കാനുള്ള പ്രധാനകാരണമെന്നാണ് സൂചന. ഇറക്കുമതി ചെയ്യുന്ന ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് വാഹനങ്ങൾ കമ്പനികൾ തന്നെ റൈറ്റ് ഹാൻഡ് ആക്കി നൽകാറുണ്ട്.

Advertisement
Advertisement