ആധാരത്തിന് ആർ.ഒ.ആർ നിർബന്ധമില്ല : ഹൈക്കോടതി

Monday 01 April 2024 12:00 AM IST

കൊച്ചി: ആധാരം രജിസ്റ്റർ ചെയ്യാൻ തണ്ടപ്പേർ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും (ആർ.ഒ.ആർ) ഉടമസ്ഥാവകാശ രേഖയും ഹാജരാക്കാൻ നിർബന്ധം പിടിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. എറണാകുളം ചിറ്റൂർ റോഡിൽ താമസിക്കുന്ന രുദ്രദാസിന് എടക്കുനി വില്ലേജിൽ മാതാവിൽ നിന്ന് ദാനാധാരം ലഭിച്ച 8.67 ആർ സ്ഥലം രണ്ടു രേഖകളും ഹാജരാക്കാത്തതിനാൽ രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ച ചേർപ്പ് സബ് രജിസ്ട്രാറുടെ നടപടിയിലാണ് ജസ്റ്റിസ് വിജു എബ്രഹാമിന്റെ ഉത്തരവ്. ഭാവിയിൽ സ്ഥലത്തിനുമേൽ അവകാശം ഉന്നയിച്ച് ആരെങ്കിലും വന്നാൽ അതിന്റെ ഉത്തരവാദിത്വം ഹർജിക്കാരനായിരിക്കുമെന്നും കോടതി വ്യക്തമാക്കി. അമ്മയുടെ മരണാനന്തരം ലഭിച്ച സ്ഥലത്തിന് പട്ടയാധാരവും നികുതി അടച്ചതിന്റെ രേഖകളുമുണ്ട്. അവകാശം സംബന്ധിച്ച് നിലവിലുള്ള രേഖകളിൽ അവ്യക്തതയില്ലെന്നിരിക്കെ ചില കാര്യങ്ങളിൽ നിർബന്ധം പിടിക്കേണ്ടതില്ലെന്ന് സമാനമായ കേസുകളിൽ നേരത്തേ വിധിയുള്ളതായി കോടതി ചൂണ്ടിക്കാട്ടി. ഹർജിക്കാരനുവേണ്ടി അഡ്വ. ആർ.എസ്. മഞ്ജുള ഹാജരായി.