ഇടുക്കിയിൽ 'ഹൈറേഞ്ച്" മത്സരം

Monday 01 April 2024 12:22 AM IST

ഇടുക്കി: വലിപ്പത്തിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ലോക്‌സഭ മണ്ഡലമായ ഇടുക്കിയിൽ പ്രചാരണം 'ഹൈറേഞ്ചി"ലാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജും യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസും മൂന്നാം തവണയാണ് നേർക്കുനേർ ഏറ്റുമുട്ടുന്നത്. ബി.ഡി.ജെ.എസിന്റെ വനിത നേതാവ് സംഗീത വിശ്വനാഥനെ അങ്കത്തട്ടിലിറക്കി എൻ.ഡി.എയും മത്സരം കടുപ്പിച്ചു. മൂന്നു മുന്നണി സ്ഥാനാർത്ഥികളും നിലപാട് വ്യക്തമാക്കുന്നു.

സർക്കാരിനെതിരായ ജനവിധിയാകും:

ഡീൻ കുര്യാക്കോസ്

(യു.ഡി.എഫ് സ്ഥാനാർത്ഥി)​

എട്ടുവർഷമായി ഇടുക്കിയിലെ ജനങ്ങളെ ദ്രോഹിക്കുന്ന ഇടതുപക്ഷ സർക്കാരിനെതിരെയുള്ള ജനവിധിയായി തിരഞ്ഞെടുപ്പ് മാറും. കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള മതേതര ജനാധിപത്യ സർക്കാർ അധികാരത്തിലെത്തേണ്ടത് നിലനിൽപ്പിന്റെ പ്രശ്‌നമാണ്. മണ്ഡലത്തിലെ ജനങ്ങളുടെ വിശ്വാസവും പ്രതീക്ഷയും കാത്ത പ്രവർത്തനമാണ് കഴിഞ്ഞ അഞ്ചുവർഷം താൻ നടത്തിയത്. മുല്ലപ്പെരിയാർ, ബഫർ സോൺ, നിർമ്മാണനിരോധനം, വന്യജീവി ആക്രമണം പോലുള്ള വിഷയങ്ങളിൽ ജനങ്ങളുടെ വികാരം ഉൾക്കൊണ്ട നിലപാട് സ്വീകരിച്ചു. ജില്ലയ്‌ക്കെതിരായി പിണറായി വിജയൻ പുറപ്പെടുവിച്ച ഉത്തരവുകൾ ഓരോന്നായി ജനങ്ങളുടെ മുന്നിൽ തുറന്നുകാണിക്കും. കൊവിഡ് കാലത്ത് എം.പി ഫണ്ട് കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചിരുന്നു. എം.എൽ.എമാർക്ക് കിട്ടുന്ന ഫണ്ടുപോലും എം.പിമാർക്ക് കിട്ടുന്നില്ല. എങ്കിലും ലഭിച്ച തുക പിന്നാക്ക മേഖലകളിൽ വിനിയോഗിച്ചു.

ജനങ്ങളാണ് ആത്മവിശ്വാസം:

ജോയ്സ് ജോർജ്

(എൽ.ഡി.എഫ് സ്ഥാനാർത്ഥി)


രാഷ്ട്രീയമായ അനുകൂല സാഹചര്യവും 10 വർഷം ജനങ്ങളുമായി ഉണ്ടാക്കിയ ആത്മബന്ധവുമാണ് ആത്മവിശ്വാസം. ഔദാര്യത്തിനായി കാത്തുനിൽക്കാൻ മലയോരമേഖലയിലെ ജനങ്ങളെ വിട്ടുകൊടുക്കില്ല. പൗരത്വ ഭേദഗതിയിലൂടെ രാജ്യത്തെ അവകാശങ്ങളുടെ മാനദണ്ഡം മതമാണെന്ന് ഉറപ്പിക്കുകയാണ് ബി.ജെ.പി സർക്കാർ. കോടതി വ്യവഹാരങ്ങളിലൂടെ സൃഷ്ടിച്ചെടുക്കുന്ന വിധികളുടെ പരമ്പരകൾ ഇടുക്കിയിലെ മനുഷ്യജീവിതത്തെ വരിഞ്ഞുമുറുക്കുന്നു. ഇടുക്കിയിലെ വന്യമൃഗ ആക്രമണങ്ങൾക്ക് പരിഹാരം കാണാനുള്ള കർമ്മപദ്ധതി തയ്യാറാക്കും. വനംവകുപ്പ്, കിഫ്ബി, റീബിൽഡ്‌ കേരള ഫണ്ടുകൾ ഉപയോഗിച്ചും തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ചും പദ്ധതികൾ ഏകോപിപ്പിക്കും. ശാസ്ത്രീയ പഠനത്തിലൂടെ മാസ്റ്റർപ്ലാൻ തയ്യാറാക്കും. എം.പി ഫണ്ടിന്റെ 30 ശതമാനം ഇതിനായി ഉപയോഗിക്കും. ഫണ്ടിന്റെ അപര്യാപ്തതയുണ്ടായാൽ സി.എസ്.ആർ ഫണ്ട് സ്വരൂപിക്കും.

നൂറുശതമാനം വിജയപ്രതീക്ഷ:

സംഗീത വിശ്വനാഥൻ

(എൻ.ഡി.എ സ്ഥാനാർത്ഥി)

നൂറുശതമാനം വിജയപ്രതീക്ഷയോടെയാണ് മത്സരിക്കുന്നത്. നരേന്ദ്രമോദി മുന്നോട്ടുവച്ച ആശയവും വികസനവും ജനങ്ങൾ ഏറ്റെടുത്തു. സുസ്ഥിരമായ ഭരണവും വികസനവും ജനങ്ങൾ ആഗ്രഹിക്കുന്നു. ഇടുക്കിയിലെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ളവരെ പാർലമെന്റിലേക്ക് അയയ്ക്കാനാണ് ജനങ്ങൾ താത്പര്യപ്പെടുന്നത്. അതുകൊണ്ടുതന്നെ എൻ.ഡി.എയ്ക്ക് സാഹചര്യങ്ങൾ അനുകൂലമാണ്. ഭൂപ്രശ്‌നത്തിനുള്ള പരിഹാരവും വികസനവും ഇടുക്കിയിലെ ജനങ്ങളുടെ ഏറെനാളായുള്ള ആവശ്യമാണ്. വിജയിച്ചാൽ കേന്ദ്രസർക്കാർ സഹായത്തോടെ ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രവർത്തിക്കും. മെച്ചപ്പെട്ട ചികിത്സ സൗകര്യങ്ങളില്ലാത്തതാണ് ഇടുക്കിയിലെ പ്രധാന പ്രശ്‌നം. വിജയിച്ചാൽ ആരോഗ്യമേഖലയ്ക്ക് പ്രഥമ പരിഗണന നൽകും. മറ്റൊന്ന് രൂക്ഷമായ വന്യമൃഗ ശല്യമാണ്. അതിനായി കർമ്മ പദ്ധതി തയ്യാറാക്കും.

Advertisement
Advertisement