അജിത് പവാർ വിഭാഗം തകരും: പി.സി.ചാക്കോ

Monday 01 April 2024 12:35 AM IST

കൊച്ചി: വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്താമെന്നു കണക്കുകൂട്ടുന്ന ബി.ജെ.പിക്ക് തിരിച്ചടിയായി അടിയൊഴുക്കുകൾക്കു സാദ്ധ്യതയെന്ന് എൻ.സി.പി (എസ്) സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ. ഇ.ഡിയെ ഉപയോഗിച്ച് നേതാക്കളെ വരുതിയിലാക്കാനുള്ള അമിത്ഷായുടെ നീക്കങ്ങൾ വിജയിക്കില്ല. ഉത്തരേന്ത്യയിലെ സീറ്റുകൾ കുറയും. ദക്ഷിണേന്ത്യയിൽ അഞ്ച് സീറ്റുകളിൽ ഒതുങ്ങും. ചാഞ്ചാടി നിൽക്കുന്ന പല കക്ഷികളും 'ഇന്ത്യ" മുന്നണിയിൽ ചേരുമെന്നും ചാക്കോ കേരളകൗമുദിയോട് പറഞ്ഞു.

?തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം അജിത് പവാറിനാണെന്നിരിക്കെ കേരളത്തിൽ എൻ.സി.പിയുടെ സ്ഥിതിയെന്താണ്
ഭൂരിപക്ഷം പ്രവർത്തകരും ശരത് പവാറിനൊപ്പമാണ്. തിരഞ്ഞെടുപ്പോടെ അജിത് പവാർ വിഭാഗം തകരും. സ്ഥാനമോഹികളാണ് അജിത്തിനൊപ്പം നിൽക്കുന്നത്. മഹാരാഷ്ട്രയിൽ പോലും രക്ഷപ്പെടില്ല. ചിഹ്നവും കൊടിയും നഷ്ടപ്പെടുന്നത് സാങ്കേതികമാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തെ അടിസ്ഥാനമാക്കിയല്ല ജനങ്ങൾ പാർട്ടിയിൽ വിശ്വസിക്കുന്നത്.

?കേരളത്തിൽ ഇന്ത്യ മുന്നണിയുടെ പ്രസക്തിയെന്താണ്
കോൺഗ്രസിനും കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കും ഒരിക്കലും ഒന്നിക്കാനാവില്ല. സോണിയ, രാഹുൽ, പ്രിയങ്ക എന്നിവരുടെ ഭരണമാണ് കോൺഗ്രസിൽ. നെഹ്‌റുവിന്റെ ആശയങ്ങളിൽ നിന്ന് വ്യതിചലിച്ചു. കമ്മ്യൂണിസ്റ്റുകാർക്കോ എൻ.സി.പിക്കോ അത് ഉൾക്കൊള്ളാനാവില്ല. അതേസമയം, തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടിയുണ്ടായാൽ ബദൽ നീക്കത്തിന് പ്രതിപക്ഷ കക്ഷികൾക്ക് ഒരുമിക്കാനാവും.


?കോൺഗ്രസ് നിലപാടാണോ ഐക്യത്തിനു തടസം
ഖാർഗെ വന്നിട്ടും കോൺഗ്രസിലെ കുടുംബാധിപത്യത്തിനു മാറ്റമില്ല. ജനാധിപത്യം ഉണ്ടായിരുന്നെങ്കിൽ പലരും ആ പാർട്ടിയിൽ തിരികെയെത്തുമായിരുന്നു. നെഹ്‌റുവടക്കമുള്ള നേതാക്കൾക്ക് നിർണായക സ്വാധീനമുണ്ടായിരുന്ന യു.പിയിൽ കോൺഗ്രസ് ഒന്നുമല്ലാതായി. കോൺഗ്രസ് വൈകിയാണെങ്കിലും ചില വിട്ടുവീഴ്ചകൾക്ക് തയ്യാറായിട്ടുണ്ട്.

?പവാർ കോൺഗ്രസിലേക്ക് മടങ്ങാൻ ആലോചിക്കുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടല്ലോ.
ഒരിക്കലുമില്ല. കോൺഗ്രസ് വിട്ട സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നു. ദേശീയ തലത്തിൽ എൻ.സി.പിക്ക് പരിമിതികളുണ്ടെങ്കിലും നിലപാടുകൾ ശക്തമാണ്. പ്രതിപക്ഷ ഐക്യം എന്ന ആശയം ആദ്യം മുന്നോട്ടുവച്ചതും ചർച്ചകൾ നടത്തിയതും ശരത്‌പവാറാണ്.

?പ്രതിപക്ഷ കക്ഷികൾക്ക് ബി.ജെ.പിയോട് പിടിച്ചുനിൽക്കാനാവുമോ
ഇന്ത്യയിൽ പ്രാദേശിക കക്ഷികൾക്ക് വലിയ പങ്കുണ്ട്. ഒഡീഷ, തെലങ്കാന, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ബി.ജെ.പി പദ്ധതി വിജയിക്കില്ല. എക്കാലത്തും പേടിപ്പിച്ച് കൂടെ നിറുത്താനാവില്ല. കേരളത്തിൽ ഒരു സീറ്റ് പോലും ലഭിക്കില്ല.

Advertisement
Advertisement