സംസ്ഥാനത്ത് ഇന്നും കടലേറ്റ മുന്നറിയിപ്പ്; തീരവാസികൾക്ക് ജാഗ്രതാ നിർദേശം, വിനോദ സഞ്ചാരികൾക്ക് നിയന്ത്രണമേർപ്പെടുത്തി

Monday 01 April 2024 7:48 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കടലേറ്റ മുന്നറിയിപ്പ്. കടലാക്രമണത്തിനും ഉയർന്ന തിരമാലകൾക്കും സാദ്ധ്യതയുണ്ട്. തീരവാസികൾക്ക് ജാഗ്രതാ നിർദേശം നൽകി. വിനോദ സഞ്ചാരികൾക്കും നിയന്ത്രണമേർപ്പെടുത്തി.

മത്സ്യത്തൊഴിലാളികളും തീരവാസികളും ശ്രദ്ധിക്കണം, അപകട മേഖലകളിൽ നിന്ന് മാറി താമസിക്കണം, യാനങ്ങൾ സുരക്ഷിതമായി കെട്ടിയിടണമെന്നും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം, തൃശൂർ ജില്ലകളിലാണ് ഇന്നലെ കടലാക്രമണം ഉണ്ടായത്. 500 വീടുകളിൽ വെള്ളംകയറി.100ഓളം കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞാണ് അതിശക്തമായ തിരമാലകൾ തീരത്തേക്ക് അടിച്ചുകയറിയത്.

മഴയ്ക്ക് സാദ്ധ്യത

അടുത്ത മൂന്ന് മണിക്കൂറിൽ എറണാകുളം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വള്ളം മറിഞ്ഞു

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കടലിലേക്ക് ഒഴുകിപ്പോയി. രണ്ട് പേർക്ക് പരിക്കേറ്റു. അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി.രാവിലെ 6.45 ഓടെയായിരുന്നു അപകടം.