പെൻഷൻ മുടങ്ങിയതോടെ റോഡിൽ കസേരയിലിരുന്ന് പ്രതിഷേധം; പണം ലഭിക്കുന്നതിന് മുമ്പേ പൊന്നമ്മ യാത്രയായി

Monday 01 April 2024 8:43 AM IST

ഇടുക്കി: വാർദ്ധക്യ പെൻഷൻ മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച വയോധിക അന്തരിച്ചു. എച്ച് പി സി റോഡരികിൽ താമസിച്ച പൊന്നമ്മ (90) ആണ് മരിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു പൊന്നമ്മയുടെ പ്രതിഷേധം.

പെൻഷൻ മുടങ്ങിയതോടെ ആഹാരത്തിന് പോലും മാർഗമില്ലാതായി. തുടർന്ന് റോഡിൽ കസേരയിട്ട്, അതിലിരുന്നായിരുന്നു പ്രതിഷേധം. പൊലീസെത്തി അനുനയിപ്പിച്ച് വീട്ടിലേക്ക് അയച്ചു. തൊട്ടടുത്ത ദിവസം വീട്ടുസാധനങ്ങളും ഒരു മാസത്തെ പെൻഷൻ തുകയും കോൺഗ്രസ് പ്രവർത്തകർ വീട്ടിലെത്തിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഫോണിൽ വിളിച്ച് സംസാരിച്ചു.

കൂടാതെ സർക്കാർ പെൻഷൻ നൽകുന്നതുവരെ കോൺഗ്രസ് പണം നൽകുമെന്ന് ഡിസിസി പ്രസിഡന്റ് സി പി മാത്യു വാഗ്ദാനം ചെയ്തിരുന്നു. ആറ് മാസത്തെ പെൻഷനാണ് പൊന്നമ്മയ്ക്ക് ലഭിക്കാനുള്ളത്. കൂലിപ്പണിക്കാരനായ മകനൊപ്പമായിരുന്നു പൊന്നമ്മയുടെ താമസം.