പാലക്കാട് നിന്ന് തുടങ്ങി, ഈ രീതിയിൽ മുന്നോട്ടു പോയാൽ കേരളത്തിൽ മുഴുവൻ വ്യാപിക്കുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തി. വെള്ളിയാഴ്ച 40 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്. 2019നു ശേഷം ആദ്യമായാണ് മാർച്ച് മാസത്തിൽ 40 ഡിഗ്രി എത്തുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ ആദ്യവാരമാണ് പാലക്കാട് 40 ഡിഗ്രി ചൂട് രേഖപ്പെടുത്തിയത്. ഈ രീതിയിൽ ചൂട് മുന്നോട്ട് പോകുകയാണെങ്കിൽ താപനില 40 ഡിഗ്രി കടക്കും. ജലക്ഷാമവും രൂക്ഷമാവും.
മാർച്ചിൽ 36 മുതൽ 38 ഡിഗ്രി വരെ താപനില ഉയരാറുണ്ട്. എന്നാൽ ഇത്തവണ മാർച്ച് 29 വരെ പാലക്കാട്, കൊല്ലം ജില്ലകളിൽ 39 ഡിഗ്രി വരെ താപനില രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തേക്കാളും എൽനിനോ എന്ന പ്രതിഭാസം സജീവമായതാണ് കനത്ത ചൂടിന് കാരണമായത്.
ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് -2016ൽ പാലക്കാട് (41.9)ഡിഗ്രി
ഇത്തവണ രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്-മഹാരാഷ്ട്രയിലെ അകോളയിൽ (41 ഡിഗ്രി)
69% മഴ കുറവ്
മാർച്ച് മാസത്തിൽ ഇതുവരെ 69% മഴകുറവുണ്ട്. 32.4 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്ത് 10.1 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്.
കോഴിക്കോട്, മലപ്പുറം, കണ്ണൂർ, വയനാട് എന്നിവിടങ്ങളിൽ മഴ പെയ്തില്ല.
തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളിൽ ഭേദപ്പെട്ട മഴ കിട്ടി.
ബാക്കി എട്ട് ജില്ലകളിലും ശരാശരി മഴ പോലും ലഭിച്ചിട്ടില്ല.