പ്രവാസികള്‍ക്ക് ഗുണകരമായ വാര്‍ത്ത, കേരളത്തില്‍ നിന്ന് പുതിയ പ്രതിദിന സര്‍വീസ് പ്രഖ്യാപിച്ച് ഇന്‍ഡിഗോ

Monday 01 April 2024 7:59 PM IST

കണ്ണൂര്‍: അബുദാബിയിലേക്കും തിരിച്ചും ഏറ്റവും പുതിയ പ്രതിദിന സര്‍വീസ് പ്രഖ്യാപിച്ച് വിമാനക്കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സ്. വേനല്‍ അവധിക്ക് പ്രവാസികള്‍ക്ക് നാട്ടിലേക്കും തിരിച്ചുമുള്ള യാത്ര സൗകര്യപൂര്‍വമാക്കുന്നതിനാണ് പുതിയ സര്‍വീസ്. യുഎഇയിലെ പ്രവാസികളെ സംബന്ധിച്ച് വളരെ ഫലപ്രദമായിരിക്കും പുതിയ സര്‍വീസ്.

കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് അബുദാബിയില്‍ നിന്നും തിരിച്ചും എല്ലാ ദിവസവും നോണ്‍ സ്‌റ്റോപ് സര്‍വീസ് ആണ് ആരംഭിക്കുന്നത്. 2024 മെയ് ഒമ്പത് മുതലാണ് സര്‍വീസ് തുടങ്ങുന്നത്. 12.40ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 2.35ന് അബുദാബിയില്‍ എത്തും. അബുദാബിയില്‍ നിന്ന് കണ്ണൂരിലേക്കുള്ള വിമാനം പുലര്‍ച്ചെ 3.45ന് പുറപ്പെട്ട് 8.40ന് കണ്ണൂരില്‍ മടങ്ങിയെത്തും.

കണ്ണൂര്‍ - അബുദാബി സര്‍വീസ് കൂടി ആരംഭിക്കുന്നതോടെ ഇന്ത്യയിലെ എട്ട് വിമാനത്താവളങ്ങളില്‍ നിന്ന് അബുദാബിയിലേക്ക് ഇന്‍ഡിഗോ നടത്തുന്ന പ്രതിവാര സര്‍വീസുകളുടെ എണ്ണം 56 ആയി ഉയരും.

ഇരു രാജ്യങ്ങളും തമ്മിലുള്ള യാത്ര, വ്യാപാരം, ടൂറിസം എന്നിവയെ പ്രോത്സാഹിപ്പിക്കുമെന്നാണ് പ്രതീക്ഷ. കൃത്യസമയത്ത് തടസ്സരഹിത യാത്രാനുഭവം ഇന്‍ഡിഗോ വാഗ്ദാനം ചെയ്യുന്നതായി ഗ്ലോബല്‍ സെയില്‍സ് വിഭാഗം മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.